മോസ്കോ∙ കോവിഡ് വാക്സീന്റെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിനായി അസ്ട്രാസെനകയുടെ പരീക്ഷണ ഡോസ് റഷ്യയുടേതുമായി സംയോജിപ്പിക്കാൻ ശ്രമിക്കണമെന്ന് സുപ്ടിനിക് – 5 നിർമാതാക്കൾ. 92% ഫലപ്രാപ്തി സ്പുടിനിക് – 5ന് ഉണ്ടെന്ന് ഇടക്കാല പരീക്ഷണത്തിൽ കണ്ടെത്തിയതായി റഷ്യ പറഞ്ഞു. എന്നാൽ തങ്ങളു‌ടെ വാക്സീന് 70 ശതമാനമാണ് ഫലപ്രാപ്തിയെന്നും ഇത് 90 ശതമാനം വരെയാകുമെന്നും അസ്ട്രസിനക്ക വ്യക്തമാക്കുന്നു.

അവർ പുതിയ പരീക്ഷണത്തിന് തയാറാകുന്നെങ്കിൽ ഫലപ്രാപ്തി വർധിപ്പിക്കുന്നതിനായി അസ്ട്രാസെനകയുടെയും സ്പുടിനിക് 5ന്റെയും അഡിനോവൈറൽ ഷോട്ടുകൾ സംയോജിപ്പിക്കാൻ നിർദേശിക്കുന്നതായി റഷ്യൻ വാക്സീൻ നിര്‍മാതാക്കൾ ട്വിറ്ററിൽ കുറിക്കുന്നു.

ഈവർഷം അവസാനത്തോടെ 200 മില്യൺ ഡോസ് പുറത്തിറക്കാനാകുമെന്ന് അസ്ട്രാസെനക പറയുന്നു. വിലക്കുറവും സാധാരണ റഫ്രിജറേറ്റർ താപനിലയിൽ എവിടേക്കും കൊണ്ടപോകാമെന്നതും പല വികസ്വര രാജ്യങ്ങൾക്കും മികച്ച പ്രതീക്ഷ നൽകുന്നതാണ്.

വാക്സീന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി അസ്ട്രാസെനക ആഗോള തലത്തിൽ പരീക്ഷണം നടത്തിയേക്കുമെന്നും ബ്രിട്ടിഷ് സർക്കാരിന്റെ മുതിർന്ന സയന്റിഫിക് ഉപദേഷ്ടാവ് പാട്രിക് വാലൻസ് പറഞ്ഞു.