പി. പി. ചെറിയാന്‍
സാൻമാർക്കസ് (ടെക്സസ്) ∙ ടെക്സസ് സംസ്ഥാന യൂണിവേഴ്സിറ്റി ഫുട്ബോൾ കളിക്കാരൻ കംബ്രെയ്ൽ വിന്റേഴ്സ് (20) വെടിയേറ്റ് കൊല്ലപ്പെട്ട കേസ്സിൽ നലിസാ ബ്രിയാന (20), ടൈറീക്ക് ഫിയാചൊ (20) എന്നിവരെ സാൻമാർക്കസ് പൊലീസ് അറസ്റ്റു ചെയ്തു. സാൻമാർക്കസ് അക്വറീന സ്പ്രിംഗ് ഡ്രൈവിൽ സ്ഥിതി ചെയ്യുന്ന ലോഡ്ജ് അപ്പാർട്ട്മെന്റിന് മുമ്പിൽ നവംബർ 25 ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. മയക്കു മരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ചു വിവരം ലഭിച്ചയുടൻ എത്തിയ പൊലീസ്, നെഞ്ചിൽ വെടിയേറ്റു കിടക്കുന്ന വിന്റേഴ്സിന് പ്രഥമ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. ടെക്സസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി സൊഫമൂറായിരുന്നു വിന്റേഴ്സ്. ടീമിൽ ഡിഫൻസീവ് ബാക്കായിരുന്നുവെന്ന് കോച്ച് ജേക്ക് സ്വവിറ്റൽ പറഞ്ഞു.

ഹൂസ്റ്റണിൽ നിന്നുളള്ള വിന്റേഴ്സ് അലീഫ് ടെയ്‍ലർ ഹൈസ്കൂളിൽ നിന്നാണ് ഗ്രാജുവേറ്റ് ചെയ്തത്. ഭാവിയിലെ നല്ലൊരു ഫുട്ബോൾ താരത്തെയാണ് നഷ്ടമായതെന്ന് യൂണിവേഴ്സിറ്റി കോച്ച് പറഞ്ഞു. യൂണിവേഴ്സിറ്റി അധികൃതരും വിന്റേഴ്സിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചിച്ചു. അനതിസാധാരണമായ അത്‍ലറ്റിക് കഴിവുള്ള യുവാവായിരുന്നു വിന്റേഴ്‍സെന്നും യൂണിവേഴ്സിറ്റി സന്ദേശത്തിൽ ചൂണ്ടികാട്ടി.