ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്‍ ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയി മൂന്നാഴ്ച കഴിഞ്ഞിട്ടും ഇത് വരെ പോലീസിന് പിടികൂടാനായില്ല. ലുക്കൌട്ട് നോട്ടീസ് ഇറക്കിയിട്ടും പ്രതികളെ പിടികൂടാനാവാത്തതോടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു. പൂക്കോയ തങ്ങളെയും മറ്റ് രണ്ട് കൂട്ടുപ്രതികളെയും അന്വേഷണ സംഘം പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ഈ മാസം 7നായിരുന്നു എം.സി കമറുദ്ദീന്‍ എം.എല്‍.എ പ്രത്യേക അന്വേഷണ സംഘം ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 10.30ഓടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ച സമയത്ത് തന്നെ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കമറുദ്ദീന്‍റെയും പൂക്കോയ തങ്ങളുടെയും അറസ്റ്റ് ഒരേ സമയം രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്‍റെ തീരുമാനം. പക്ഷെ കമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന അന്വേഷണ സംഘത്തിന്‍റെ വെളിപ്പെടുത്തല്‍ വന്നതോടെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോവുകയും ചെയ്തു.