സിഡ്നി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്ബരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബരയിലെ ആദ്യ മത്സമാണ് ഇന്ന് സിഡ്‌നിയില്‍ നടക്കുക. മികച്ച താരനിരയുമായാണ് ഇരു ടീമും ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാവിലെ 9.10 മുതലാണ് മത്സരം ആരംഭിക്കുക.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങുന്നത്. 50 ശതമാനം കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. വലിയ സ്കോര്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് സിഡ്നിയിലെ പിച്ച്‌. ഇവിടെ കളിച്ച കഴിഞ്ഞ ഏഴ് കളിയില്‍ ആറിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോര്‍ 312.

ഓസ്‌ട്രേലിയയ്‌ക്കെതിരേ മികച്ച റെക്കോഡുള്ള കോഹ്ലിയുടെ സിഡ്‌നിയിലെ റെക്കോഡ്‌ പക്ഷേ മോശമാണ്‌. അഞ്ച്‌ ഇന്നിങ്‌സില്‍ ഒന്‍പതു റണ്‍സ്‌ മാത്രമാണ്‌ കോഹ്ലിയുടെ ആവറേജ്‌. ഉയര്‍ന്ന സ്‌കോര്‍ ആകട്ടെ 21 ഉം. സിഡ്‌നിയില്‍ ടീം ഇന്ത്യയുടെ റെക്കോഡും മോശമാണ്‌. ഇന്ത്യ ഇവിടെ രണ്ടു ജയം മാത്രം നേടിയപ്പോള്‍ ഓസ്‌ട്രേലിയ 14 ജയങ്ങള്‍ സ്വന്തമാക്കി. എന്നാല്‍ ഇന്ത്യ അവസാനം ഓസ്‌ട്രേലിയയില്‍ കളിച്ച നാലില്‍ മൂന്നു മത്സരങ്ങളും ജയിക്കാന്‍ കഴിഞ്ഞു എന്ന അനുകൂല ഘടകവുമുണ്ട്‌. കഴിഞ്ഞ തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാട്‌ കോഹ്ലിയും സംഘവും ഏകദിന, ടെസ്‌റ്റ് പരമ്ബരകള്‍ സ്വന്തമാക്കിയിരുന്നു. ട്വന്റി20 പരമ്ബര സമനിലയായി. കഴിഞ്ഞ പരമ്ബരയിലെ നേട്ടം ആവര്‍ത്തിക്കുക ഇന്ത്യക്കു ശ്രമകരമായിരിക്കും.

ഓസ്‌ട്രേലിയക്കെതിരേ മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ടെങ്കിലും രോഹിത് ശര്‍മയുടെ അഭാവം വലിയ തിരിച്ചടി നല്‍കിയേക്കും. ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോഡുള്ള താരവും ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള നിലവിലെ ഇന്ത്യന്‍ താരവുമാണ് രോഹിത്. ഹിറ്റ്മാന്റെ അഭാവത്തില്‍ ശിഖര്‍ ധവാനോടൊപ്പം ഓപ്പണറായി കെ എല്‍ രാഹുലോ മായങ്ക് അഗര്‍വാളോ ഇറങ്ങിയേക്കും. എംഎസ് ധോണിയുടെ അഭാവത്തില്‍ രാഹുല്‍ വിക്കറ്റ് കീപ്പറാകാനാണ് സാധ്യത കൂടുതല്‍.

മികച്ച ഓള്‍റൗണ്ടര്‍മാരുടെ കരുത്തിലാണ് ഓസീസ് എത്തുന്നത്. ഇംഗ്ലണ്ട് പരമ്ബര കളിക്കാതിരുന്ന സ്റ്റീവ് സ്മിത്ത് ഓസീസ് ടീമിലേക്ക് മടങ്ങിയെത്തിയത് കരുത്ത് പകരും. ഓപ്പണിങ്ങില്‍ അടിച്ച്‌ തകര്‍ക്കാന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം ഡേവിഡ് വാര്‍ണറും ഉണ്ടാകും. ലാബുഷാനെയുടെ മധ്യനിരയിലെ സാന്നിധ്യം ഓസീസിന് കൂടുതല്‍ കെട്ടുറപ്പ് നല്‍കും.