മലയാളിയുടെ സ്വന്തം മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും പഴയകാല ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ ഇടക്കിടെ തരംഗമാകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള പഴയകാല സിനിമകളും പഴയ ഫട്ടോകളും കാണുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ് മലയാളിക്ക്. അത്തരം ഫോട്ടോകള്‍ നേരത്തേ നിരവധി തവണ ആരാധകര്‍ക്കിടിയില്‍ പ്രചരിച്ചിട്ടുമുണ്ട്.

അല്‍പ്പ നാള്‍ മുമ്പ്‌ ഹരികൃഷ്ണന്‍സ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചുള്ള ഒരു ചിത്രവും വൈറലായിരുന്നു. സംവിധായകന്‍ ഫാസിലിനും ഭാര്യയ്ക്കും ഒപ്പം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ഒപ്പം പ്രണവ് മോഹന്‍ലാലും സഹോദരിയും എല്ലാവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം ഇരു കൈയ്യും നീട്ടിയാണ് ആരാധാകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ അങ്ങനെയൊരു പഴയകാല ചിത്രമാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം പ്രിയദര്‍ശനും കൂടാതെ മലയാളത്തിന്റെ മഹാനടനായ മുരളിയും ഉണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം മുരളിയുടെ പഴയകാല ഫോട്ടോകള്‍ അപൂര്‍വമായിട്ടാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യേക്ഷപ്പെടാറുള്ളത് എന്നതിനാല്‍ തന്നെ ഈ ഫോട്ടോയും സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രം എപ്പോള്‍ എടുത്തതാണെന്ന് വ്യക്തമല്ല. എങ്കിലും മുണ്ടും ജുബ്ബയും ധരിച്ച മോഹന്‍ലാലിന്റെ വേഷവും മീശയില്ലാത്ത മമ്മൂട്ടിയും മലയാളികള്‍ക്ക് ഏറെ പരിചയമുള്ള ഗെറ്റപ്പാണ്. മോഹന്‍ലാല്‍ ഫാന്‍സ് മീഡിയ ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്

അതേസമയം, മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പുതിയ ചിത്രങ്ങള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാര്‍, ദൃശ്യം 2, മമ്മൂട്ടിയുടെ ബിലാല്‍ 2 എന്നീ ചിത്രങ്ങളുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.