ബിബിസിയുടെ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിൽ നാല് ഇന്ത്യക്കാരും. ദളിത് വനിതയും ഗായികയുമായ ഇസൈവാണി, പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പോരാട്ടം നയിച്ച ബിൽക്കെയ്‌സ് ഭാനു, പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻ മാനസി ജോഷി, കാലാവസ്ഥ മാറ്റത്തിനെതിരെ പൊരുതുന്ന ഋതിമ പാണ്ഡെ എന്നിവരാണ്.

ബിബിസി തയാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 വനിതകളിൽ ഇടം നേടി പെൺ കരുത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് ഇന്ത്യക്കാരായ നാല് പേർ. 2020 നെ മാറ്റത്തിലേക്ക് നയിച്ച സ്ത്രീകളെന്ന ആശയത്തിലൂന്നിയായിരുന്നു തെരഞ്ഞടുപ്പ്. ശബരിമല സ്ത്രീ പ്രവേശന വിധിയെയും തുടർന്നുള്ള പ്രതിഷേധങ്ങളെക്കുറിച്ചും പാടി പ്രേക്ഷക ശ്രദ്ധ നേടിയ ഗായികയാണ് ഇസൈവാണി. സംവിധായകൻ പാ രഞ്ജിത്തിന്റെ മ്യൂസിക്ക് ടീമിലെ അംഗവുമാണ്. പുരുഷന്മാരുടെ ആധിപത്യമുണ്ടായിരുന്ന നാടൻ പാട്ട് രംഗത്തേക്ക് കടന്ന് വന്ന ഇസൈവാണി ഈ മേഖലയിൽ ഇതിനോടകം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു.

2019 ലെ പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻ. മനക്കരുത്തിന്റെ പ്രതീകമായ മാനസി ജോഷിയാണ് ബിബിസിയുടെ പട്ടികയിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ സ്ത്രീ സാന്നിധ്യം.

ഷെഹിൻ ബാഗിൽ പൗരത്വ നിയമത്തിനെതിരെയായിരുന്നു 82 കാരിയായ ബിൽക്കിസ് ഭാനു സമാധാനപരമായി സമരം നയിച്ചത്. ദാദി എന്ന വിളിപ്പേരിൽ പ്രതിഷേധക്കൂട്ടായ്മയുടെ അമരക്കാരിയായി. തന്റെ ധീരമായ സമര നിലപാടാൽ ബിൽക്കിസ് ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യമായി.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഇന്ത്യൻ മുഖമായ 12കാരിയാണ് ഋതിമ പാണ്ഡെ.ഗ്രേറ്റ തുൻബർഗിനൊപ്പം യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളിൽ ഒരാൾ.

ഫിൻലന്റിലെ സ്ത്രീകൾ മാത്രമുള്ള കൂട്ടുകക്ഷി സർക്കാറിനെ നയിക്കുന്ന സ്ത്രീകളിലൊരാൾ ആണ് സാറ അൽ അമിരി. കൊവിഡ് വാക്‌സിൻ കണ്ടെത്താനുള്ള ഓക്‌സ്‌ഫോർഡ് സർവകലാശാല സംഘത്തിൽ ഉൾപ്പെട്ട സാറാ ഗിൽ ബെർട്ട് എന്നിവരും ബിബിസിയുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.