മിസ്സിസ്സാഗ ∙ പുതുതലമുറയെ കൃഷിയും കാർഷികരീതികളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടീം കനേഡിയൻ ലയൺസ്‌ ഏർപ്പെടുത്തിയ ‘അഗ്രിചലഞ്ച്- 2020’ അവാർഡുകൾ ഒന്റാരിയോ പ്രവിശ്യയിലെ കൃഷിമന്ത്രി എർണി ഹാർഡിമൻ പ്രഖ്യാപിച്ചു. സജി വർഗീസാണ് മികച്ച കനേഡിയൻ മലയാളി കർഷകനുള്ള 501 ഡോളറിന്റെ ലയൺസ് കർഷകശ്രീ അവാർഡ് പേരിലാക്കിയത്. മികച്ച വെജിറ്റബിൾ ഗാർഡനുള്ള ലയൺസ് കർഷകമിത്ര പുരസ്കാരം ആൻ ജേക്കബിനും (251 ഡോളർ) മികച്ച പൂത്തോട്ടത്തിനുള്ള ഉദ്യാനാശ്രേഷ്ഠ പുരസ്കാരം (251 ഡോളർ) ഷിറാസ് രാജേന്ദ്രനുമാണ്. മോസ്റ്റ് പോപ്പുലർ ഫാർമർ അവാർഡ് ബൈനറ്റ് ആലപ്പാട്ടിനും മോസ്റ്റ് പ്രോമിനന്റ് ഫാർമർ അവാർഡ് സജീവ് നാരായണനും സ്‌പെഷൽ ജൂറി അവാർഡ് ബിബിൻ ജോസിനും ലഭിച്ചു.

ടീം കനേഡിയൻ ലയൺസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മന്ത്രി അവാർഡുകൾ പ്രഖ്യാപിച്ചത്. നിലമൊരുക്കൽ, വിത്തുനടൽ, പരിചരണം, വിളവെടുപ്പ് എന്നിങ്ങനെ വിവിധഘട്ടങ്ങളിലായി മേയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച മത്സരത്തിൽ തൊണ്ണൂറിലേറെപ്പേരാണ് പങ്കെടുത്തത്. കേരളത്തിൽ കൃഷി ഓഫിസർമാരായി സേവനമനുഷ്ഠിച്ച പരിചയമുള്ള തോമസ് വർഗീസ്, ഡാലിയ ജോസ്, എൽസമ്മ അലക്സ് എന്നിവരടങ്ങുന്ന വിധിനിർണയ സമിതിയാണ് വിജയികളെ കണ്ടെത്തിയത്. റിയൽറ്റർ മോൻസി തോമസ്, ടോമി കോക്കാട്ടിന്റെ കേരളാ കറി ഹൗസ്, ജയാസ് ട്യൂട്ടറിംഗ് ലോ ഓഫിസ് ഓഫ് റ്റീനാ ബെലെന്റ് എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.

കമ്മിറ്റി അംഗങ്ങളായ വിനു ദേവസ്യ, ഫെലിക്സ് ജെയിംസ്, ഡെന്നിസ് ജേക്കബ്, മൈക്കൾ ആന്റർ, ബിനു ജോസഫ്, ജിസ് കുര്യൻ, ജിതിൻ ജോസഫ്, നിക്സൺ മാനുവൽ, ജോസ് തോമസ്, നിഖിൽ വർഗീസ്, മോൻസി തോമസ്, ജിജീഷ് ജോൺ, ജയദീപ് ജോൺ തുടങ്ങിയവരാണ് അഗ്രിചലഞ്ച് മൽസരങ്ങൾക്ക് നേതൃത്വം നൽകിയത്. അഗ്രി ചലഞ്ച്- 2021 മൽസരത്തിനൊപ്പം ലയൺസ്‌ അഗ്രോ ക്ലിനിക്, ഫാർമേഴ്‌സ് മാർക്കറ്റ് എന്നിവ ആരംഭിക്കാനും പദ്ധതിയുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.