കണ്ണൂര്‍ :തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുള്ള നിയമന ഉത്തരവുകളുടെ വിതരണം തുടങ്ങി. അവര്‍ ജോലി ചെയ്യുന്ന ഓഫീസ് സ്ഥിതി ചെയ്യുന്ന തദ്ദേശസ്ഥാപനം വഴിയാണ് വിതരണം. നിയമന ഉത്തരവുകള്‍ കൈപ്പറ്റുന്നതിനായി നവംബര്‍ 27, 28, 29 തീയ്യതികളില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ്സുകള്‍ നവംബര്‍ 30 മുതല്‍ 11 ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രത്തിലും വച്ച്‌ നടക്കും. നിയമന ഉത്തരവുകള്‍ ലഭിച്ച എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാരും ഒന്നാം പോളിംഗ് ഓഫീസര്‍മാരും പരിശീലനത്തില്‍ പങ്കെടുക്കണം. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെ നിയമന ഉത്തരവ് ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ക്ക് ഓഫീസില്‍ നിന്നും പ്രിന്റ് ഔട്ട് എടുത്ത് ജീവനക്കാര്‍ക്ക് കൊടുക്കാനും ഇത്തവണ സൗകര്യമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശീലനത്തിനും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും ഹാജരാകുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.