സന്നിധാനം: ശബരിമലയില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് കൊറോണ സ്ഥീരീകരിച്ചു. സന്നിധാനത്ത് രണ്ടു ദേവസ്വം ജീവനക്കാര്‍ക്കും പമ്ബയില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ടു പോലീസുകാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ദേവസ്വം ബോര്‍ഡിലെ രണ്ട് മരാമത്ത് ഓവര്‍സിയര്‍മാര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മരാമത്ത് ഓഫീസ് അടക്കുകയും അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെ 14 പേര്‍ നിരീക്ഷണത്തില്‍ പോകുകയും ചെയ്തു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പമ്ബയിലെ രണ്ട് പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ സന്നിധാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. അണുനശീകരണ പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്.

നേരത്തെയും ശബരിമലയിലെ രണ്ട് താത്ക്കാലിക ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. വെള്ളനിവേദ്യം കൗണ്ടറിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.