ഇന്നലെ അന്തരിച്ച ഇതിഹാസ ഫുട്ബോളർ ഡീഗോ മറഡോണയെ ഓർമ്മിച്ച് ഐഎസ്എൽ. കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനു മുന്നോടി ആയാണ് ഇരു ടീമുകളിലെയും താരങ്ങൾ അല്പ സമയം മൗനമാചരിച്ച് ഇതിഹാസ താരത്തിന് ആദരവർപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മറഡോണ ഇന്നലെ മരണപ്പെട്ടത്.
ഹൃദയാഘാതത്തെ തുടർന്ന് മറഡോണ മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി താരം മരണപ്പെട്ടത്. മരണത്തിൻ്റെ പശ്ചാത്തലത്തിൽ അർജൻ്റീനയിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
ലയണൽ മെസി, ക്രിസ്ത്യാനോ റൊണാൾഡോ, പെലെ, നെയ്മർ, വിരാട് കോലി, സൗരവ് ഗാംഗുലി തുടങ്ങി ഒട്ടേറെ പ്രമുഖർ ഫുട്ബോൾ ഇതിഹാസത്തിന് ആദരാഞ്ജലി അർപ്പിച്ചു.