നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ഐഎസ്എൽ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് മുന്നിൽ. സിഡോ, ഗാരി ഹൂപ്പർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും നിർഭാഗ്യം നോർത്ത് ഈസ്റ്റിനെ ചതിക്കുകയായിരുന്നു.

മധ്യനിരയിൽ വിക്കൂന നടത്തിയ പൊളിച്ചെഴുത്ത് കളത്തിൽ കാണുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. ഭാവനാസമ്പന്നമായ മധ്യനിര തുറന്നെടുത്ത ഏതാനും അവസരങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക്. സെയ്ത്യസെൻ സിംഗിൻ്റെ ഇഞ്ച് പെർഫക്ട് ഫ്രീ കിക്കിൽ തലവെച്ച് കൊടുക്കുക എന്ന ജോലി സിഡോ അനായാസം ചെയ്തതോടെ അഞ്ചാം മിനിട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി.

 

ഒരു ഗോൾ വീണതോടെ ഉണർന്ന നോർത്ത് ഈസ്റ്റ് അനുസ്യൂതം ആക്രമണം അഴിച്ചുവിട്ടു. നിർഭാഗ്യം പലപ്പോഴും അവർക്ക് വിലങ്ങുതടിയായപ്പോൾ കോസ്റ്റയും നിഷുവും അടങ്ങുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൻ്റെ പ്രകടനവും നോർത്ത് ഈസ്റ്റ് ആക്രമണങ്ങളുടെ മുനയൊടിച്ചു. ഇരുവരും നടത്തിയ ചില ക്ലിയറൻസുകൾക്ക് പൊന്നും വില ഉണ്ടായിരുന്നു. ഇതിനിടെ 23ആം മിനിട്ടിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം ഹൂപ്പർ പുറത്തേക്കടിച്ചു കളഞ്ഞു. നോർത്ത് ഈസ്റ്റിൻ്റെ ഇടതടവില്ലാത്ത ആക്രമണങ്ങൾക്കിടെ ബ്ലാസ്റ്റേഴ്സിൻ്റെ തിരിച്ചടി. ബോക്സിലെ കൂട്ടപ്പൊരിച്ചിൽ പെനാൽറ്റിയിലേക്ക്. ഹൂപ്പറുടെ കിക്ക് ഗോൾകീപ്പറെ മറികടന്നു. 45ആം മിനിട്ടിൽ നേടിയ ഈ ഗോളോടെ ബ്ലാസ്റ്റെഴ്സ് കളിയിൽ ആതിപഥ്യം ഉറപ്പിച്ചു.