ഡല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന ചൈനീസ് അതിര്‍ത്തി മേഖലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ത്യ. ഇതിനായി ഇസ്രായേലില്‍ നിന്നും അമേരിക്കയില്‍ നിന്നും ഡ്രോണുകള്‍ വാങ്ങും. ഇസ്രായേലി ഹെറോണ്‍ ഡ്രോണുകളും അമേരിക്കന്‍ മിനി ഡ്രോണുകളുമാണ് കിഴക്കന്‍ ലഡാക്കിലേക്കും മറ്റ് ചൈനീസ് അതിര്‍ത്തി മേഖലകളിലേക്കും വിന്യസിക്കാനായി ഇന്ത്യ വാങ്ങുന്നത്.

ഇസ്രായേലില്‍ നിന്നുള്ള ഹെറോണ്‍ ഡ്രോണുകള്‍ ഡിസംബറോടെ ഇന്ത്യയില്‍ എത്തും. അടിയന്തര സാഹചര്യമുണ്ടായാല്‍ കാലതാമസമില്ലാതെ 500 കോടി വരെ വിലവരുന്ന ആയുധങ്ങള്‍ വാങ്ങുന്നതിന് സൈന്യത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ച മോദി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇവ വാങ്ങുന്നത്.

അമേരിക്കയില്‍ നിന്നുള്ള ഡ്രോണുകളും ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. ഒരു പ്രത്യേക സ്ഥലത്തെ നിര്‍ദ്ദിഷ്ട മേഖലകള്‍ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കാവുന്ന ഇവ വിദൂര നിയന്ത്രിത സംവിധാനത്തോട് കൂടിയതാണ്. നിലവില്‍ അമേരിക്കയില്‍ നിന്നും വാങ്ങിയ പ്രിഡേറ്റര്‍ ഡ്രോണുകള്‍ ഇന്ത്യന്‍ നാവിക സേന ഉപയോഗിക്കുന്നുണ്ട്.