മുംബയ് : ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് – സ്വീഡിഷ് ഫാര്‍മാ കമ്ബനി ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച ‘ കൊവിഷീല്‍ഡ് ‘ വാക്സിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഇന്ത്യയില്‍ വാക്സിന്റെ നിര്‍മാണ ചുമതലയുള്ള പൂനെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ സന്ദര്‍ശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി.

നവംബര്‍ 28നാണ് മോദി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുക. മോദിയുടെ സന്ദര്‍ശന വിവരം പൂനെ ഡിവിഷനല്‍ കമ്മിഷണര്‍ സൗരവ് റാവു സ്ഥിരീകരിച്ചിട്ടുണ്ട്. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ എത്തുന്ന മോദി വാക്സിന്റെ ഉത്പാദനത്തെയും വിതരണ പദ്ധതികളെയും സംബന്ധിച്ച്‌ അവലോകനം നടത്തും.

ഓക്സ്ഫഡ് വാക്സിന് 90 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് അവസാനഘട്ട ക്ലിനിക്കല്‍ ട്രയലിന് ശേഷം പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ വാക്സിന്‍ ഇന്ത്യന്‍ വിതരണത്തിന് സജ്ജമാകുമെന്നാണ് പ്രതീക്ഷ.