ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കൊവിഡ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തെന്നും ശക്തമായ ക്വാറൻ്റീൻ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ന്യൂസീലൻഡ് ക്രിക്കറ്റ് പറഞ്ഞു. അന്വേഷണത്തിനു ശേഷം താരങ്ങളുടെ പരിശീലനത്തെ പറ്റി തീരുമാനിക്കും. 53 അംഗ സംഘം ന്യൂസീലൻഡിലേക്ക് പുറപ്പെടുന്നതിനു മുൻപ് ലാഹോറിൽ വെച്ചും ന്യൂസീലൻഡിൽ എത്തിയപ്പോൾ ക്രൈസ്റ്റ്ചർച്ചിൽ വെച്ചും കൊവിഡ് പരിശോധന നടത്തിയിരുന്നു. ക്രൈസ്റ്റ്ചർച്ചിൽ വെച്ച് നടത്തിയ പരിശോധനയിലാണ് 6 താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചത്.

ഐസൊലേഷനിൽ വെച്ച് ചുരുങ്ങിയത് 4 തവണയെങ്കിലും താരങ്ങളെ വീണ്ടും ടെസ്റ്റ് ചെയ്യും. കൊവിഡ് ബാധിച്ചവരും സ്ക്വാഡിൽ ബാക്കിയുള്ളവരും അവരവരുടെ മുറികൾ തന്നെ തുടരണം. ടീം അംഗങ്ങളിൽ പലരും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് പറഞ്ഞു. എല്ലാവർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയതാണ്. ഇപ്പോൾ അവസാന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂസീലൻഡിൽ കളിക്കുക അഭിമാനമാണ്. എന്നാൽ, പകരം സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.

ഡിസംബർ 18നാണ് പാകിസ്താൻ്റെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി-20കളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തിൽ ഉള്ളത്.