ഉദഗമണ്ഡലം റയിൽവേ സ്റ്റേഷൻ. ട്രെയിൻ ഒരു ഞരക്കത്തോടെ നിന്നപ്പോൾ അതുവരെ കണ്ട മനം മയക്കുന്ന കാഴ്ചകളുടെ സ്വപ്നലോകത്തു നിന്നും മനസ്സ് വർത്തമാന കാല കാഴ്ചകളിലേക്ക് തിരിച്ചെത്തി.
ഇതുവരെ നീലഗിരിയുടെ മാസ്മരിക സൗന്ദര്യം ആസ്വദിക്കുന്നതിനിടയിലും മനസ്സിൽ ഒരു ഭയപ്പാട് ആയിരുന്നു. തനിച്ചൊരു യാത്ര എന്ന തീരുമാനം ശരിയായോ എന്ന്.
ഫ്ലാറ്റ് ഫോർമിൽ നിന്ന് ചുറ്റിനും ഒന്നു കണ്ണോടിച്ചു.
മുൻപ് കണ്ടതിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഇല്ല. കുറച്ചുകൂടി നീറ്റ് ആയി..
യാത്രക്കാരെ എതിരേൽക്കാൻ പതിവ് തെറ്റിക്കാതെ ടാക്സിക്കാർ എത്തി..
മാഡം എന്റെ വണ്ടിയിൽ പോകാം.. തിരിഞ്ഞു നോക്കി.. അയാളുടെ മുഖത്ത് ഒരു വശപ്പിശക് ഇല്ല?
ചിലപ്പോൾ മനസ്സിൽ എവിടെയോ കൂടു കൂട്ടിയ ഭയം നല്കുന്ന തെറ്റായ സിഗ്നൽ ആകാം.
ആലോചിക്കുമ്പോൾ എത്തി ഒരു ശാന്തമായ ശബ്ദം..
അക്കാ.. എവിടെയാണ് പോകേണ്ടത്? ഞാൻ കൊണ്ടു വിടാം..
ആ അക്കാ വിളി.. മനസ്സിലെവിടെയോ ഉടക്കി..
തിരിഞ്ഞു നോക്കി..
പുഞ്ചിരിമായാത്ത കാണാൻ മോശമല്ലാത്ത, മര്യാദയുള്ള മുഖം.. നോട്ടം..
ശരി എന്ന് പറഞ്ഞതും പെട്ടിയും എടുത്ത് അവൻ നടന്നു കഴിഞ്ഞു..
കാറിൽ കയറിയപ്പോൾ അടുത്ത ചോദ്യം. ഏത് ഹോട്ടൽ അക്കാ?
ഒരു നിമിഷം ആലോചിച്ചു. മുൻകൂട്ടി നോക്കി വച്ച പേരുകൾ പറയണോ അതോ അവനോട് പറയണോ ഏതെങ്കിലും സുരക്ഷിതത്വമുള്ള നല്ല ഹോട്ടലിലേക്ക് പോകാൻ..
അക്കാ ഒന്നും പറഞ്ഞില്ല.. വീണ്ടും അവൻ.
നിനക്ക് വിശ്വാസമുള്ള ഏതെങ്കിലും നല്ല ഹോട്ടലിലേക്ക് പോകു..
അവൻ വിശ്വാസം വരാതെ എന്നെത്തന്നെ നോക്കി. എന്നിട്ട് പറഞ്ഞു. ശരി അക്കാ..
നല്ല ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നതാണ്.. എന്നിട്ടും അവനോടെന്തിനാണങ്ങനെ പറഞ്ഞത്..
അറിയില്ല..
വീണ്ടും കണ്ണുകൾ കാഴ്ചകളിലേക്ക് മടങ്ങിയപ്പോൾ ചിന്തകൾ ചിലന്തി വല നെയ്യൽ തല്ക്കാലത്തേക്ക് നിർത്തി വച്ചു.
അവൻ കോണ്ടെത്തിച്ചത് ഞാൻ റൂം ബുക്ക് ചെയ്തിരുന്ന അതേ ഹോട്ടലിൽ.
നല്ല വൃത്തിയും ഭംഗിയുമുള്ള ഹോട്ടൽ..
റിസപ്ഷനസ്റ്റിനോട് മുൻബുക്കിംഗിനെക്കുറിച്ച് പറഞ്ഞ് താക്കോൽ വാങ്ങുമ്പോൾ അവന്റെ കണ്ണുകളിൽ അവശ്വസനീയത..
അവനടുത്തെത്തി അവൻ പറഞ്ഞ രൂപ കൊടുത്ത് പിൻ തിരിയും മുൻപ് പറഞ്ഞു.
വൈകുന്നേരം വരൂ.. എനിക്ക് പുറത്തേക്കൊന്നു പോകണം.
അവൻ ശരി എന്ന് പറഞ്ഞു പോയി.
റൂംബോയിക്ക് പിന്നാലെ റുമിലേക്ക് പോകുമ്പോൾ ഓർത്തു.
അവന്റെ പേര് ചോദിച്ചില്ല..
ഓ.. സാരമില്ല.. അല്ലെങ്കിൽ തന്നെ ഒരു പേരിൽ എന്തിരിക്കുന്നു.
പലപ്പോഴും പേരിന് പ്രാധാന്യം ഇല്ലാത്ത പലരും നന്മയുടെ നിറകുടങ്ങളായി കണ്ടിട്ടുണ്ട്..
മുറിയിലെത്തി തിരിച്ചു പോകുമ്പോൾ റൂംബോയ് പറഞ്ഞു മാഡം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ റിസപ്ഷനിലേക്ക് വിളിച്ചാൽ മതി. റൂം സർവീസ് ഉണ്ട്.
ശരിയെന്ന് പറഞ്ഞ് അവനെ പുറത്താക്കി വാതിലടയ്ക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരാശ്വാസമായിരുന്നു.
ജനൽ പാളി മെല്ലെ തുറന്ന് ചെറു തണുപ്പുള്ള ഇളം കാറ്റിനെ അകത്തേക്ക് കടക്കാൻ അനുവദിച്ചപ്പോൾ ക്ലാസ്സിന് വെളിയിൽ നിർത്തിയിരുന്ന കുട്ടിയെ അകത്തേക്ക് കയറ്റുമ്പോഴുള്ള സന്തോഷമായിരുന്നു കാറ്റിന്.
ഇളം ചന്ദനക്കളറുള്ള കനം കുറഞ്ഞ ജാലകവിരിയെ തള്ളിമാറ്റി അകത്തേക്ക് കടക്കാൻ എന്താ ഉത്സാഹം..
ദൂരെ നീലഗിരി മലകളുടെ സൗന്ദര്യം ആസ്വദിച്ചു നിന്ന എന്നെ മെല്ലെപ്പുണർന്ന് തണുത്ത ചുണ്ടുകളാൽ കവിളിലമർത്തി കടന്നുപോകുന്ന കാറ്റിനോട് പ്രണയം തോന്നി..
ചിലപ്പോഴൊക്കെ ഈ കാറ്റൊരു കള്ളക്കാമുകനാണ്.
നിനയാത്ത നേരത്ത് കടന്നെത്തി ചിന്തകളിൽ കനവു പകരുന്ന കള്ളൻ..
ഈ കള്ളക്കാമുകന്റെ തലോടലിൽ നീലഗിരികുന്നുകളുടെ ഈ താഴ്‌വാരത്തിന്റെ ഭംഗിയിൽ മയങ്ങാൻ വല്ലാത്തൊരാഗ്രഹം..
എത്രനേരം അങ്ങനെ നിന്നു എന്നറിയില്ല.
ഫോൺ ബല്ലടിക്കുന്നത് കേട്ടാണ് വർത്തമാനത്തിലേക്ക് തിരിച്ചെത്തിയത്.
കുറെ മിസ്ഡ് കാളുകൾ..
കൂടുതലും അമ്മയുടേത്..
എത്തിയോ എവിടെയാണ് എങ്ങനെയാണ്? അറിയാനുള്ള അമ്മയുടെ ആകാംക്ഷ..
മക്കളെത്ര വളർന്നാലും ലോകംമുഴുവൻ ഒറ്റയ്ക്കു ചുറ്റാൻ പ്രാപ്തരായാലും അതംഗീകരിക്കാത്ത ഒരേ ഒരാളെ ഉള്ളു ഈ ഭൂമിയിൽ.
അമ്മയെന്ന മഹാപ്രതിഭ.. അത് ഒരു യൂണിവേർസിറ്റിയിൽ നിന്നും കിട്ടുന്ന പഠനമികവല്ല..
പ്രകൃതി നൽകിയ കനിവ്, മികവ്..
അമ്മയെ തിരിച്ചു വിളിച്ചു.. വിവരണം കേട്ട് അമ്മ തൃപ്തയായി..
ഓരോരുത്തരെ ആയി തിരിച്ചു വിളിച്ചു..
സമാധാനം എല്ലാവർക്കും..
വേഗം കുളിച്ച് റഡിയായി.. എന്തെങ്കിലും കഴിക്കണം..
വയറിന്റെ കാളലും വിശപ്പിന്റെ വിളിയും ഇപ്പോഴാണറിഞ്ഞത്.
താഴെ എത്തുമ്പോൾ കണ്ടു ഒരുവശത്തായി വിശാലമായ റസ്റ്റോറന്റ്..
ഒരു സാധാ ഊണ് കഴിക്കാൻ മോഹം..
രക്ഷയില്ല..
മെനുബുക്കിൽ എല്ലാം മടുപ്പുളവാക്കുന്നവ മാത്രം..
അപ്പോഴാണ് കണ്ണുടക്കിയത്.. തൈരു സാദം..
സമാധാനം..
ഓർഡർ ചെയ്തിരിക്കുമ്പോൾ ആലോചിച്ചു എവിടേക്കാണ് പോവുക ആദ്യം..
മുൻപ് കണ്ടിട്ടുള്ള കാഴ്ചകളാണ്..
എങ്കിലും തന്റെ കണ്ണുകളിൽ എല്ലാം പുതിയതാണ്..
ഒരു കുട്ടിയുടെ അത്ഭുതത്തോടെ എല്ലാം അറിയാനും അനുഭവിക്കാനും എനിക്കെന്നും കഴിയും..
അപ്പോൾ അധികം ആലോചിക്കേണ്ട കാര്യം ഇല്ല..
എവിടേക്ക് വേണമെങ്കിലും പോകാം..
ആണോ? ആരോ ഉള്ളിലിരുന്നു കയർത്തു.
നീ ഇവിടേക്ക് വന്നത് വെറുതെ കാഴ്ച കാണാനാണോ?
അല്ല.. പക്ഷേ എവിടെയാണ് കണ്ടെത്തുക?
അപ്പോൾ പിന്നെ വെറുതെ നടക്കാം..
റസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങുമ്പോൾ കണ്ടു കാറുമായി അവൻ കാത്തുനിൽക്കുന്നത്.
അക്കാ.. എവിടേക്കാണ്. കയറിക്കോളു.
ഒരുനിമിഷം ആലോചിച്ചു..
പിന്നെ കാറിൽ കയറി അവനോടു പറഞ്ഞു താഴ്‌വാരത്തേക്കു പോകാം.
തടാക കരയിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ കണ്ടു ബോട്ടിംഗ് ആസ്വദിക്കുന്ന ഒരു കൂട്ടം കുട്ടികൾ..
അവരിലൊരാളായി മാറാൻ മനസ്സ് കുതിച്ചു..
വെറുതെ അലസമായി നടക്കുമ്പോൾ ഓർത്തു.. എന്തിനായിരുന്നു ഒറ്റയ്ക്കൊരു യാത്ര..
അവനെ കൂടി കൂട്ടാമായിരുന്നു.. അവൻ.. വിധിയുടെ നിയോഗം പോലെ കിട്ടിയ കൂട്ടുകാരൻ.. പലപ്പോഴും സ്വപ്നത്തിലെത്തിയിരുന്ന മുഖം വ്യക്തമല്ലാത്ത രൂപം.. അത് അവനായിരുന്നു എന്നറിഞ്ഞത് വൈകിയാണ്.
ഏതോ ജന്മബന്ധം പോലെ..അറിയാതെ ജീവിതയാത്രയിൽ കൂടെ കൂടിയ കൂട്ടുകാരൻ..
വരുന്ന വിവരം ഒന്നു പറയാൻ പോലും തോന്നിയില്ല..
എത്ര ദൂരം നടന്നു എന്നറിയില്ല..
സൂര്യൻ മറയാൻ തുടങ്ങിയിരിക്കുന്നു..
അൽപ്പനേരം ഇവിടെ ഇരിക്കാം..
എവിടെ ആയിരിക്കും തന്നെ ഇവിടെ എത്തിച്ച ആ അത്ഭുതം.
എങ്ങനെ കണ്ടെത്താനാകും..
നോക്കാം.. കണ്ടെത്തിയല്ലെ പറ്റു.
മാസങ്ങളായി ഉറക്കം കെടുത്തി എത്തുന്ന കാര്യം.
കാറ്റിന് തണുപ്പു കൂടാൻ തുടങ്ങിയപ്പോൾ തിരികെ നടന്നു.
കാറിനടുത്തെത്തുമ്പോൾ അവൻ കാത്തുനിൽക്കുന്നുണ്ടായിരന്നു.
വണ്ടിയിൽ കയറുമ്പോൾ മൂക്കിലേക്കടിച്ചു കയറി മുല്ലപ്പൂവിന്റെ മണം.
പെട്ടന്നവൻ പറഞ്ഞു. അക്കാ.. മല്ലിപ്പൂവിന്റെ മണം.. അക്കയ്ക്കിഷ്ടമല്ലെ?
എൻ തങ്കച്ചിക്ക് പെരുത്തിഷ്ടം..
ഞാൻ ഒന്നും പഴഞ്ഞില്ല..
നിന്റെ പേര്?
മുത്തു..
ശരി പോകാം..
പിന്നീട് ഒന്നും ചോദിക്കാനോ പറയാനോ തോന്നിയില്ല..
ഒരുപാടുണ്ടായിട്ടും..
ഹോട്ടലിന്റെ മുന്നിൽ ഇറങ്ങുമ്പോൾ പറഞ്ഞു.
രാവിലെ 9:00 മണി ആകുമ്പോഴേക്കും വരൂ. മുത്തു യാത്ര പറഞ്ഞുപോകുമ്പോഴോർത്തു അവനാരെന്നറിയില്ല ഇപ്പോഴും..
എങ്കിലും അറിയാത്തൊരാത്മ ബന്ധം.. ഒരനുജനോടുള്ള സ്നേഹം ഉള്ളിൽ നിറയുന്നു.
ഒരു പാടുകാലമായ് പിൻതുടരുന്ന ഒരു സ്വപ്നത്തിന്റെ പിന്നാലെയാണ് ഈ യാത്രയെന്ന് പറഞ്ഞാൽ കേൾക്കുന്നവർ പറയില്ലെ വട്ടാണെന്ന്.
വട്ടാണോ ശരിക്കും?
അറിയില്ല.. എനിക്ക് ചിരിവന്നു..
അല്ലെങ്കിലും അല്പം വട്ടുണ്ട് എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.
നമ്മളെ പലപ്പോഴും നിലനിർത്തുന്നത് ചില വട്ടുകളല്ലെ?
അതുപോലെ നിലനിൽപ്പിനാണോ ഈ വരവും? അറിയില്ല.
രാത്രിയിൽ ഇരുട്ടിൽ അവിടവിടെ തെളിയുന്ന മഞ്ഞവെളിച്ചം.. മിന്നാമിന്നിയെ പോറ്റിവളർത്തുന്ന ഊട്ടി..
അറിയാതെ മനസ്സിൽ പറഞ്ഞത് പുറത്തേക്ക് വന്നു.
തൊട്ടടുത്ത് ചൂടുള്ള നിശ്വാസം കഴത്തിലേറ്റ പോലെ..നീ പറഞ്ഞത് ശരിയാണ്..
നമ്മൾ പലതവണ നടന്ന വഴികൾ .. കാഴ്ചകൾ മാറി.. എങ്കിലും നമ്മളുടെ സ്വപ്നങ്ങൾ പലവുരു തളിർക്കുകയും കൊഴിയുകയും ചെയ്തു ഇവിടെ..
ഓർമ്മയുടെ ഒരുപാട് വസന്തങ്ങൾ..
ആരണിത്.. ഞാൻ തനിച്ചല്ലെ ഇവിടെ..
നല്ല പരിചിതമായ ശബ്ദം..
ആരുടെയോ കൈകൾക്കുള്ളിൽ ഒതുങ്ങി ആ ചുടുനിശ്വാസത്തിലലിഞ്ഞ പോലെ..
ആരാണ്..എന്റെ ശബ്ദം വല്ലാതെ താണിരുന്നു..
നീ എന്നെ ഉടനെ കാണും.. ഏറ്റവും അടുത്ത്..
ആ വാക്കുകളിൽ സ്നേഹം നിറഞ്ഞിരുന്നു.. പ്രണയത്തിന്റെ ചൂട്
നിറഞ്ഞിരുന്നു..
പെട്ടെന്ന് ഉണർന്നു.. ചുറ്റിനും നോക്കി.. മുറിയിലെ അരണ്ട വെളിച്ചത്തിൽ ഒന്നു മനസ്സിലായി അതൊരു സ്വപ്നമായിരുന്നു..
തേടി വന്ന സ്വപ്നത്തിന്റെ തുടർച്ചയാണോ?
രാവിലെ തന്നെ മുത്തു എത്തി..
മുത്തുവിനൊപ്പം കാറിൽ പോകുമ്പോൾ രാത്രിയിലെ സ്വപ്നം വീണ്ടും ചിന്തയിൽ കടന്നെത്തി.
പിൻകഴുത്തിലെ നിശ്വാസത്തിന്റെ ചൂട് ഇപ്പോഴും ഉള്ളതുപോലെ..
മുത്തു ഇന്നെവിടേക്കാണ്?
അക്ക.. അത് അക്കാവിന് ഇഷ്ടം..
മുത്തു പൂക്കളും മരങ്ങളും ഉള്ളിടത്തേക്ക് പോകാം..
അക്കാ.. ഇപ്പോൾ ഊട്ടി പൂക്കളാലും പൂമരങ്ങളാലും നിറഞ്ഞ ടൈം..
മുത്തുവിനോടൊപ്പം നടക്കുമ്പോൾ ചോദിച്ചു അവന്റെ വിശേഷങ്ങൾ..
അനിയത്തിയും അമ്മയും മാത്രം.. അക്കാ.. നിങ്ങളെ കണ്ടപ്പോൾ എവിടെയോ കണ്ടപോലെ..
സ്വന്തം ആരോ പോലെ..അതാ ഞാൻ ..
മ്ം അറിയാം.. ഞാനും എന്നോ ഇവിടെ ഉണ്ടയിരുന്ന പോലെ..
മുത്തു.. ഇവിടെ എവിടെയെങ്കിലും ഒറ്റ മരം ഉണ്ടോ? നിറയെ പൂക്കുന്ന മരം..
അവൻ മനസ്സിലാകാത്ത പോലെ എന്നെ നോക്കി..
ഒറ്റ മരം എന്നാൽ?
ഒറ്റപ്പെട്ട് നിൽക്കുന്ന മരം. ഞാൻ പറഞ്ഞു.
അവൻ ആലോചനയിലായി..
പിന്നെയും കുറെ നടന്നു.. കണ്ണുകൾ തേടിയത് തന്നെ ഇവിടെ എത്തിച്ച ആ ഒറ്റയ്ക്ക് നിൽക്കുന്ന പൂമരമായിരുന്നു..
ഒരു കുന്നിൻ ചരുവിൽ ഒഴിഞ്ഞ കോണിലെവിടെയോ അല്ലെ?
അതേ.. മുത്തുവിനോടു ചോദിക്കാം..
ഒടുവിൽ മുത്തു പറഞ്ഞു അപ്പുറത്താ കുന്നിൻ മുകളിൽ ഒരു മരം ഉണ്ട്.. നൂറ്റാണ്ടുകൾ പഴക്കം കാണും.. ഞങ്ങൾ മുത്തച്ഛൻ മരം എന്നാ വിളിക്കാറ്..
അവൻ വാചാലനായി.. എത്ര കാറ്റും മഴയും വന്നാലും ഒരു ചില്ല പോലും ഒടിയാത്ത ശക്തി മരം..
കിളികളെല്ലാം ചേക്കേറുന്നത് അതിലാണ്..
മാത്രവുമല്ല.. പ്രണയിക്കുന്നവരുടെ പറുദീസയാണ് ആ മരത്തണൽ..
ആരുടെയും ശല്യമില്ലാത്ത സ്ഥലം..
മരത്തിനടുത്തെത്തിയപ്പോൾ കണ്ടു.. അവൻ പറഞ്ഞത് ശരിയാണ്..
നിറയെ പൂത്ത മരം.. തായ്ത്തടി അവിടവിടെ തൊലി പൊളിഞ്ഞ്..
ഒറ്റയ്ക്കാണെങ്കിലും നിറയെ കിളികളും പൂമ്പാറ്റയും ചുറ്റിപ്പറന്നുല്ലസിക്കുന്ന കാഴ്ച..
കാറ്റ് ചാഞ്ചാടുന്ന ചില്ലകൾ.. ആത്യാകർഷകങ്ങളായ ചുവന്ന പൂക്കൾ..
മാസങ്ങളായി എന്റെ നിദ്രയിൽ കന്നെത്തുന്ന അതിഥി..
ഏതോ രഹസ്യം പറയാൻ വെമ്പുന്ന ഇലകൾ..
ഏതോ ആകർഷണം പോലെ അടുത്തെത്തുമ്പോൾ കണ്ടു തായ്ത്തടി മുഴുവൻ കോറി വരഞ്ഞ് ഏതൊക്കെയോ പേരുകൾ..
എല്ലാ ഭാഷകളിലും ഉണ്ട്..
മുത്തു ഇതെന്താ?..
അവൻ പറഞ്ഞു.
അത് അക്കാ ഒരു വിശ്വാസമാണ്..ഇവിടെ വരുന്ന പ്രണയിതാക്കൾ അവരുടെ പേരുകൾ ഈ തടിയിൽ കോറിയിട്ടാൽ അവരുടെ ആഗ്രഹം നടക്കുമത്രെ.. മുത്തച്ഛൻ ഈ പേരുകൾ ഞാപകം വയ്ക്കും.. അനുഗ്രഹിക്കും..
അപ്പോൾ അവരെല്ലാം ഒന്നിക്കുമോ? ഞാൻ ചോദിച്ചു.
അവരെന്താണ് കേട്ടത് അത് നടക്കും..
ഒന്നിക്കാനെങ്കിൽ ഒന്നിക്കും.. പിരിയാനാണെങ്കിൽ പിരിയും.. രണ്ടു പേരും ഒന്നാകാൻ കേട്ടാലെ ഒന്നിക്കു..
അല്ലെങ്കിൽ അവർ കോറിയിട്ട പേര് മാഞ്ഞു പോകും.. മുത്തച്ഛൻ ഞാപകം വയ്ക്കില്ല..
ഞാൻ ചോദിച്ചു ശരിക്കും.
അതേ അക്കാ. ഞാൻ കുറെ പേരെ കണ്ടിട്ടുണ്ട്..
പിരിഞ്ഞിട്ട് വേറെ ആളെ തിരുമണം ചെയ്ത് വരുന്നത്..
ഞാൻ അത്ഭുതത്തോടെ അവനെ നോക്കി..
അക്കാ.. ഞാൻ കേട്ടാ കോപം വരുമോ?
മ്ം. എന്ത് എന്ന് ഞാൻ തലകുലുക്കി.
ഇല്ല. ചോദിക്കൂ..
അക്കാ എന്തിനാണ് ഈ മരം ചോദിച്ചു വന്നത്? ആരാ ഇതിനെ കുറിച്ചു പറഞ്ഞത്?
ഒരു സ്വപ്നം.. ഞാൻ പറഞ്ഞു.
അവൻ വിശ്വാസം വരാതെ ചിരിച്ചു.
മുത്തു .. കുറച്ചു നേരം ഈ മരച്ചുവട്ടിൽ ഞാനിരിക്കട്ടെ..
മുത്തു പോയിട്ടു വരൂ..
അക്കാ തനിച്ച്.. തനിച്ചല്ലോ? ഈ മുത്തച്ഛനോടൊപ്പമല്ലെ?
ശരി അക്കാ.. വിളിച്ചാൽ മതി.. ഞാൻ ഒരുവിളിപ്പാടകലെ ഉണ്ടാവും..
മനസ്സില്ലാതെ അവൻ പോകുമ്പോൾ ഓർത്തു ആരാണിവൻ?
സഹോദരനോ.. രക്ഷകനോ? എന്തു ബന്ധം?
തനിച്ചായപ്പോൾ ആ മരമുത്തച്ഛനോടു ചോദിച്ചു..
എന്തിനാണ് എന്നും എന്റെ സ്വപ്നത്തിൽ വന്ന് എന്നെ ഇവിടെ എത്തിച്ചത്. എന്തു അത്ഭുതമാണ് നീ കാത്തു വച്ചിരിക്കുന്നത്?
പെട്ടെന്നാണ് എവിടെ നിന്നോ വന്നണഞ്ഞ കാറ്റിൽ മരത്തിന്റെ ചില്ലകൾ സന്തോഷം കൊണ്ട് തുള്ളിയത്.
നിറയെ ചുവന്ന പൂവുകൾ തന്നെ സ്വാഗതം ചെയ്യാനെന്നപൊലെ മൂടിയത്..
മനസ്സിൽ ഒരു കുളിരു കോരി..
ഞാനാ മരത്തിന്റെ അടുത്തേക്ക് നീങ്ങി.. ഈ തായ്ത്തടിയിൽ എവിടെയെങ്കിലും എന്റെ പേരുണ്ടോ? എന്നെങ്കിലും ഞാനും ഇവിടെയെത്തിയിരുന്നോ?
പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്..
ആതിര..
തിരിഞ്ഞു നോക്കി.. ആരും ഇല്ല..
തോന്നിയതാവും..
വീണ്ടും കേട്ടു ആതിര ..ഇത്തവണ കേട്ടത് താനേറെ കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദമാണ്..
തന്റെ ആത്മാവിന്റെ ശബ്ദം..
തിരിഞ്ഞു നോക്കിയ ഞാൻ ഒരു നിമിഷം ശബ്ദം പുറത്തേക്ക് വരാതെ നിന്നു..
ഇതാ അവൻ.. പ്രീയപ്പെട്ട കൂട്ടുകാരൻ..
ഡാാ നീ ഇവിടെ?
അറിയാതെ അഹാലാദം ശബ്ദമായി പുറത്തേക്കെത്തി.
അതാണ് ഞാനും ചോദിക്കുന്നത്. നീ ഇവിടെ?
ഈ മരം തേടി വന്നതാണ്.. ഒരു സ്വപ്നത്തിന്റെ പിന്നാലെ..
ഞാനും.. ഞാൻ പറഞ്ഞു.
എനിക്കൊരു സംശയം. അവൻ പറഞ്ഞു.
മ്ം? ഞാൻ
ആരാണ് പൂത്തുലഞ്ഞത് നീയോ ഈ മരമോ?
അവൻ ചിരിച്ചു. എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല.
എന്താണ് ഈ മരം ഞങ്ങളെ രണ്ടുപേരെയും ഇവിടെ എത്തിച്ചത്?
ഡീീ എന്താണ് ഒരേ സ്വപ്നത്തിന്റെ പിന്നാലെ നമ്മളിവിടെ എത്തിയത്? ഒന്നും മനസ്സിലാവുന്നില്ല. രണ്ടുപേരും ഒരേ മരം തേടിയെത്തുക!
അതാണ് ഞാനും ചിന്തിക്കുന്നത്.
നീ എന്താണ് തിരയുന്നത്?
ഞാൻ മുത്തു പറഞ്ഞ കഥ അവനോട് പറഞ്ഞു.
ഞാൻ എന്റെ പേര് തിരയുകയായിരുന്നു..
പാവം. നോക്കൂ.. തൊലിയൊക്കെ പൊട്ടി അടർന്ന്..
ഞങ്ങൾക്ക് സങ്കടം വന്നു.. ഒന്നും മനസ്സിലാവാതെ കുറെ നേരം ഞങ്ങളാ മുത്തച്ഛന്റെ അടുത്തിരുന്നു.
കാറ്റെത്തി പൂക്കളാൽ ഞങ്ങളെ മൂടിക്കൊണ്ടേയിരുന്നു.. കിളികളും ഞങ്ങളുമായി കുറെ നേരം.
ഇതിനിടയിൽ പലരും എത്തി.. കൂട്ടായും ഒറ്റയ്ക്കും.
പലരും പേരുകൾ കോറി മുത്തച്ഛനെ വേദനിപ്പിച്ചു..
ചിർ ആഹ്ലാദതിമിർപ്പിൽ മുത്തച്ഛനെ വലംവച്ചു.. നൃത്തം ചെയ്തു..
ഞങ്ങൾ കാഴ്ചക്കാരായി.. ചോദ്യങ്ങൾ സ്വയം ചോദിച്ചു..
കണ്ണുകളിൽ കനവുകൾ വിരിയുന്നതറിഞ്ഞു..
എന്തൊക്കെയോ ഓർമ്മകൾ മങ്ങിയ നിഴൽ ചിത്രങ്ങൾ പോലെ മിന്നിമാഞ്ഞു…
ഡീ നീ എന്താണ് ചിന്തിക്കുന്നത്..
ഞാൻപറഞ്ഞു.. എന്റെ സ്വപ്നങ്ങൾ.. പക്ഷെ അതെന്നോ ഒരിക്കൽ സംഭവിച്ച യാഥാർത്ഥ്യങ്ങൾ പോലെ..
നീലമേഘ കൂട്ടങ്ങൾക്കിടയിലൂടെ ഒരാളോടൊപ്പം..ഒരുഗാനത്തിന്റെ ഒപ്പം നൃത്തംവയ്ക്കുന്ന രണ്ടു പേർ..
മുഖം വ്യക്തമല്ലാത്ത രണ്ടു പേർ..
ഞാനും അങ്ങനെ ഒരു സ്വപ്നത്തിലാണ്.. ആരുടെയോ മടിയിൽ തലചായ്ച്..ശ്രാവൺ പറഞ്ഞു..
എന്നോ നമ്മൾ ഇവിടെ ഉണ്ടായിരുന്നതു പോലെ. ഊട്ടി നമ്മുടെ സ്വർഗ്ഗമായിരുന്ന പോലെ.. ആ അവ്യക്ത മുഖങ്ങൾ നമ്മളായിരുന്നോ? അവൻ ചോദിച്ചു.. നമ്മളുടെ ചിന്തകളെന്തേ ഒരേ വഴിക്ക് നീങ്ങുന്നു.. അറിയില്ല..
വെയിൽ ചാഞ്ഞു തുടങ്ങി.. കാറ്റിന് തണുപ്പേറാൻ തുടങ്ങി.. സൂര്യ രശ്മികൾ ഭൂമിയോട് വിടപറയും മുൻപുള്ള ആ സമയം.. വല്ലാത്ത ഒരനുഭൂതി എന്നിൽ നിറയാൻ തുടങ്ങി..
ഡീ പോയാലോ?
പോകാം.. ഞാൻ പറഞ്ഞു.. എങ്കിലും നമ്മുടെ സ്വപ്നത്തിന്റെ പൊരുളറിയാതെ!
മ്ം അവൻ ശരിവച്ചു.
മരമുത്തച്ഛനെ ഒന്നു കൂടി വലം വച്ച് പിൻ തിരിയുമ്പോൾ കേട്ടു..
നിൽക്കൂ.. ഒരു പരുപരുത്ത ശബ്ദം.
ആരാണ്? രണ്ടുപേരും ഒരേ സമയം തരിഞ്ഞു നോക്കി..
ആരെയും കാണാനില്ല..
ഞാനാണ്.. വീണ്ടും അതേ ശബ്ദം.
മരം സംസാരിക്കുമോ? ഞങ്ങൾ പരസ്പരം നോക്കി
സംശയിക്കണ്ട.. മരമുത്തച്ഛൻ എന്ന ഓമനപ്പേരുള്ള ഞാനാണ് സംസാരിച്ചത്.
ഞാനും നിങ്ങളും തമ്മിലൊരു ബന്ധം ഉണ്ട്.. നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം..
ഇത്രയും കാലം നിങ്ങൾക്കു വേണ്ടിയാണ് ഞാൻ കാത്തത്.
എന്താണ് ഞങ്ങളുമായുള്ള ബന്ധം. ശ്രാവൺ ചോദിച്ചു.
വരു.. എന്റടുത്തിരിക്കൂ.. പറയാം..
ഞങ്ങൾ വീണ്ടും മരച്ചുവട്ടിലിരുന്നു..
മുത്തച്ഛൻ പറഞ്ഞു തുടങ്ങി..
നിങ്ങളെ ഒരുമിച്ചിങ്ങനെ കാണുമ്പോൾ എന്റെ മനസ്സ് നിറയുന്നു..
ഞാൻ ഒരു യക്ഷനായിരുന്നു..
യക്ഷനോ? ഞങ്ങൾ
അതേ.. നിങ്ങൾ ഗന്ധർവനും അപ്സരസ്സും..
ഞങ്ങൾ പരസ്പരം നോക്കി.. ബാക്കി കേൾക്കാൻ കാതു കൂർപ്പിച്ചു..
നിങ്ങൾ പ്രണയിതാക്കൾ ആയിരുന്നു..
നിന്റെ സംഗീതത്തിൽ ലയിച്ച് നൃത്തം ചെയ്യുന്ന ഇവൾ.. പ്രണയത്തിന്റെ മഹാകാവ്യം തന്നെ നിങ്ങൾ തീർത്തു..
അസൂയ മുഴുത്ത എനിക്ക് നിങ്ങളെ വേർപിരിക്കാൻ തിടുക്കമായി.
പ്രണയത്തിന്റെ മഹിമ അറിയാത്ത എനിക്ക് പ്രണയം എന്ന് കേട്ടാൽ കലിയായിരുന്നു.
നിങ്ങൾ മനുഷ്യരെപ്പോലെ ജീവിക്കാൻ തിരഞ്ഞെടുത്ത സ്ഥലമായിരുന്നു ഇവിടം..
നിങ്ങളെ പിൻ തുടർന്ന ഞാൻ നിന്നെ അപായപ്പെടുത്തി..
നാരായണന്റെ ഭക്തയായ ഇവളുടെ ദു:ഖം എനിക്ക് ശാപമായി.. ഇവിടെ ഒറ്റപ്പെട്ട് ഒറ്റ മരമായി പ്രണയിതാക്കളെ കണ്ട് കണ്ട് അവരുടെ സന്തോഷങ്ങളും സന്താപങ്ങളും ഏറ്റുവാങ്ങി, ചൂടും തണുപ്പും സഹിച്ച് മനുഷ്യന്റെ മാത്രമല്ല സർവ ചരങ്ങളുടേയും പ്രണയം കണ്ട് മനസ്സ് ഒരു പൂവിനെപ്പൊലെ മാർദ്ദവമാകും വരെ. അതുമാത്രമല്ല എനിക്ക് മോചനം കിട്ടാൻ നിങ്ങൾ ഏതു ജന്മത്തിൽ പരസ്പരം കണ്ടെത്തുന്നുവോ അതുവരെ കാത്തിരിക്കാനുള്ള ശാപം..
നൂറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴാണ് നിങ്ങൾ വീണ്ടും കണ്ടെത്തിയത്..
അറിയാതെ പരസ്പരം കൂട്ടായി, ആത്മബന്ധത്തിന്റെ തീവ്രത അറിയാൻ തുടങ്ങി..
നിങ്ങളോട് ഇതു പറയും വരെ ഒരു ശിഖരം പോലും ഒടിയാതെ നിറയെ ഇലകളും പൂവുമായി.. എടുക്കാനാകാത്ത ഭാരവും താങ്ങി, ശരീരം മുഴുവൻ വിണ്ടു കീറി വേദനിച്ച് കഴിയാനുള്ള വിധി എന്റെ അഹങ്കാരവും അസൂയും കൊണ്ട് ഞാൻ നേടിയെടുത്തതാണ്..
നിങ്ങളോട് നിങ്ങൾ തേടിയിരുന്ന ചോദ്യങ്ങളുടെ ഉത്തരം പറയാനുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ..
ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി.. സ്വപ്നത്തിലെ മുഖങ്ങൾ വ്യക്തമായി..
ഇനി.. ഞങ്ങൾ ചോദിച്ചു.
ഞങ്ങൾ എന്നിനി ഒന്നിക്കും? ഈ ജന്മം ഞങ്ങളുടേതല്ല..
നിങ്ങൾ ഇനിയും കാത്തിരിക്കണം.. ഈ ജന്മത്തിലെ ബാക്കിയുള്ള ദിനങ്ങൾ ആത്മബന്ധം തിരിച്ചറിഞ്ഞ സൗഹൃദമായി..
നിങ്ങളൊന്നിക്കും വരെ ഞാനും ഉണ്ടാകും ഇവിടെ.. ദിവസങ്ങൾ എണ്ണി..
ഇന്നെന്റെ മനസ്സിൽ പ്രണയം ദിവ്യമാണ്.. ഏറ്റവും മധുരിക്കുന്നതും..
പ്രണയിക്കുന്നവരെ സംരക്ഷിക്കുകയാണ് ഞാൻ..
പ്രണയത്തിന്റെ സുഖവും വിരഹത്തിന്റെ ചൂടും ഞാനറിയുന്നു..
എല്ലാ ശബ്ദങ്ങളും നിലച്ചു..
ഞങ്ങളുടെ കണ്ണുകളിലെ കണ്ണാടിയിൽ മുത്തച്ഛന്റെ ശബ്ദം ചിത്രങ്ങളായി..
ആത്മാവിന്റെ ചില്ലയിൽ ഹർഷത്തിന്റെ പൂക്കൾ വിരിഞ്ഞു.. മനംമയക്കുന്ന ഗന്ധമായി..
ഞങ്ങൾ രുമിച്ച് കുന്നിറങ്ങുമ്പോൾ സൂര്യൻ പൂർണ്ണമായും മറഞ്ഞിരുന്നു..
മായാതിരുന്നത് ഞങ്ങളുടെ ചുണ്ടിലെ പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും..ആത്മാവിലെ സ്നേഹമന്ത്രങ്ങളും..