ഡിട്രോയിറ്റ്: മലങ്കര മര്‍ത്തോമ സുറിയാനി സഭയുടെ അഭി. ഡോ. യുയാക്കീം മാര്‍ കൂറിലോസ് തിരുമേനി എഴുപതാം വയസിന്റെ നിറവിലേക്ക്. ദൈവാശ്രയവും വാത്സല്യവും കരുതലും മുഖമുദ്രയാക്കിയ അഭി. കൂറിലോസ് തിരുമേനി സപ്തതിയിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രാര്‍ത്ഥനാ ആശംസകളുമായി നോര്‍ത്ത് അമേരിക്കന്‍ യുവജന സഖ്യം മുന്‍കാല സഖ്യം പ്രവര്‍ത്തകരുടെ കൂട്ടായ്മ.

ദൈവകൃപയില്‍ ശരണപ്പെട്ട് തന്റെ ദൗത്യമേഖലയെ മുന്നോട്ടു നയിക്കുന്ന അഭി. തിരുമേനി തികഞ്ഞ മനുഷ്യസ്‌നേഹിയും അശരണരുടെയു ആലംബഹീനരുടെയും അഭയകേന്ദ്രമാണ്. അഭി. തിരുമേനി നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ തിരുമേനിയില്‍ നിന്നും സ്‌നേഹ പരിലാളനകള്‍ ഏറ്റുവാങ്ങിയ മുന്‍കാല യുവജന സഖ്യം പ്രവര്‍ത്തകര്‍ ഇന്നും ആ സ്‌നേഹബന്ധത്തിന്റെ മാധുര്യം കാത്തു സൂക്ഷിക്കുന്നു. തിരുമേനിയുടെ നേതൃത്വത്തിലൂടെ അന്നാളുകളില്‍ കൈവരിച്ച ഊര്‍ജം ഇന്നും തങ്ങളുടെ പ്രവര്‍ത്തന പന്ഥാവില്‍ മുതല്‍ക്കൂട്ടായി തീരുന്നു എന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഈ കൂട്ടായ്മയിലുള്ളവര്‍.

ഇപ്പോള്‍ സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രസനാധിപനായിരിക്കുന്ന അഭി. കൂറിലോസ് തിരുമേനി എഴുപതാം വയസ്സിലും ദൈവരാജ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നേറുമ്പോള്‍ സര്‍വ്വേശ്വരന്‍ എല്ലാ നന്മകളും അനുഗ്രഹങ്ങളും അഭി. തിരുമേനിയുടെ മേല്‍ തുടര്‍ന്നും ചൊരിയട്ടെ എന്ന് ഈ കൂട്ടായ്മയിലുള്ളവര്‍ ഏക മനസ്സോടെ പ്രാര്‍ത്ഥിക്കുന്നു, ജന്മദിനാശംസകള്‍ നേരുന്നു.

വാര്‍ത്ത അയച്ചത്;
ബെന്നി പരിമണം