ന്യൂയോര്‍ക്ക് ∙ വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റിന്റെ ന്യൂയോര്‍ക്ക് അയ്യപ്പസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ മഹോത്സവം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ശിവന്‍, ശ്രീകൃഷ്ണന്‍, മുരുകന്‍, ദേവയാനി, മഹാലക്ഷ്മി, നവഗ്രഹങ്ങള്‍ എന്നീ ഉപദേവതകളുടെ പ്രതിഷ്ഠ ചടങ്ങുകളും നടന്നു. കലശ സമര്‍പ്പണത്തോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ ഉണ്ടായിരിന്നു.

ശ്രീനിവാസ് ഭട്ടര്‍, കശ്യപ് ഭട്ടര്‍, വേണുഗോപാല ഭട്ടര്‍, സതീഷ് പുരോഹിത്, മോഹന്‍ അയ്യര്‍, രംഗരാജ് അയ്യങ്കാര്‍ എന്നീ പൂരോഹിതന്മാരും ഗുരുസ്വാമി പാർഥസാരഥി പിള്ളയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ അമേരിക്കയിലെ പ്രഥമ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹപ്രതിഷ്ഠ 2015 ലായിരുന്നു. കേരളത്തില്‍ വിധിപ്രകാരം നിര്‍മ്മിച്ച് ആചാരാനുഷ്ഠാനങ്ങളോടെ എത്തിച്ച ശബരിമല ശാസ്താവിന്റേയും ഉപദേവതകളായ ഗണപതിയുടേയും ഹനുമാന്റേയും പഞ്ചലോഹ വിഗ്രഹങ്ങള്‍ സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടാണ് പ്രതിഷ്ഠിച്ചത്.

അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളില്‍ അയ്യപ്പപ്രതിഷ്ഠയുണ്ടെങ്കിലും അയ്യപ്പന്‍ പ്രധാന പ്രതിഷ്ഠയായ ആദ്യക്ഷേത്രമെന്ന ഖ്യാതി ന്യൂയോര്‍ക്കിലെ വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ് ക്ഷേത്രത്തിനാണ്. ഗുരുസ്വാമി പാർഥസാരഥി പിള്ളയുടെ മുന്‍കൈയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണവും പരിപാലനവും.