തിരുവനന്തപുരം: കള്ളപ്പണക്കേസില്‍ ബെംഗലൂരുവില്‍ തടവില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാത്ത നടപടി അധാര്‍മികമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീകള്‍ ഒന്നൊന്നായി രാജി വയ്ക്കുന്നു. അടിയാന്‍ – ഉടയാന്‍ രീതിയാണ് താരസംഘടനയില്‍ ഉള്ളത്.

ഒരു പെണ്‍കുട്ടി പിച്ചി ചീന്തപ്പെട്ടിട്ടും മനുഷ്യത്വമുള്ള നിലപാട് താരസംഘടനയ്ക്ക് സ്വീകരിക്കാനായില്ല. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴുമുള്ളത്. ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്ന സ്ഥിതിയാണ് സിനിമയില്‍. പുരുഷാധിപത്യത്തിന്റെ മുഖമായി സംഘടന മാറിയിരിക്കുന്നു. കേള്‍ക്കാന്‍ പാടില്ലാത്ത പലതും സിനിമാരംഗത്തു നിന്ന് ഉയരുന്നു. സുരേഷ് ഗോപിയും മുകേഷും ഗണേഷ് കുമാറും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളായ താരങ്ങള്‍ മറുപടി പറയണം. ഇവര്‍ ബിനീഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സി പി എം – ബി ജെ പി അവിശുദ്ധ ബാന്ധവത്തിന്റെ മറ്റൊരു മുഖമാണ് വ്യക്തമാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.