ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം ശക്തമായി തുടരുന്നു. ആറ് ദിവസത്തിന് ശേഷം രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം 40,000ല്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,975 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നവംബര്‍ 8ന് ശേഷം തുടര്‍ച്ചയായ 18-ാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000ത്തില്‍ താഴെയായി തുടരുന്നത്.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ആകെ രോഗബാധിതരുടെ അഞ്ച് ശതമാനത്തില്‍ താഴെയെത്തി. രാജ്യത്തെ ആകെ രോഗബാധിതരുടെ 4.78% ആണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,314 പേര്‍ രോഗമുക്തരായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4,38,667 ആയി കുറയുകയും രാജ്യത്തെ രോഗമുക്തി നിരക്ക് 93.76 ശതമാനമായി ഉയരുകയും ചെയ്തു. ഇതുവരെ 86,04,955 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കൊറോണ പരിശോധനയ്ക്കായി രാജ്യത്തുടനീളം 2,134 ലാബുകളാണുള്ളത്. ദിവസവും ദശലക്ഷത്തിലധികം പരിശോധന ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 10,99,545 സാമ്പിളുകള്‍ പരിശോധിച്ചു. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 13.3 കോടി (13,36,82,275) കടന്നു.