തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സർക്കാർ ഗസറ്റിൽ വിജ്ഞാപനം വന്ന് 48 മണിക്കൂർ തികയും മുൻപാണ് പോലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത്. കടുത്ത എതിർപ്പുകളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നിയമം പിൻവലിക്കുന്നത്.

ഓർഡിനൻസ് പുറത്തിറക്കാനും ഇത് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സൈബർ ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ 118 എ എന്ന ഉപവകുപ്പ് ചേർത്തായിരുന്നു സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നത്. ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ഭേദഗതി പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായത്.

നിയമഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള റിപീലിംഗ് ഓർഡർ ഉടനെ പുറത്തിറക്കും. സെബർ സുരക്ഷക്ക് പുതിയ ഭേദഗതി പുറത്തിറക്കാനാണ് തീരുമാനം. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഭേദഗതി പുറത്തിറക്കാവൂ എന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

ഭേദഗതിക്കെതിരെ ദേശീയ തലത്തിൽ പോലും ശക്തമായ വിമർശനം ഉയർന്നിരുന്നു. പി ചിദംബരവും പ്രശാന്ത് ഭൂഷണും അടക്കമുള്ളവർ ഇതിനെ വിമർശിച്ചിരുന്നു. ബിജെപി സംസ്ഥാന ഘടകവും ഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഭേദഗതി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.