ജമ്മു കശ്മീരിൽ ക്രിക്കറ്റ് അക്കാദമി നിർമ്മിക്കുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ താരവുമായി കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീർ സ്പോർട്സ് കൗൺസിലും റെയ്നയും തമ്മിൽ മെമ്മോറാൻഡം ഓഫ് അണ്ടർസ്റ്റാൻഡിംഗിൽ ഒപ്പിട്ടിട്ടുണ്ട്.

“ഇവിടെയുള്ള യുവതാരങ്ങൾക്ക് ഇതൊരു മികച്ച സംരംഭമായിരിക്കും. ജമ്മു കശ്മീർ സ്വദേശിയായ എനിക്ക് സമൂഹത്തിന് ഇങ്ങനെ എന്തെങ്കിലും തിരിച്ചു നൽകാൻ കഴിയും. ഇവിടെ ഒരുപാട് കഴിവുള്ള താരങ്ങളും ആവേശവുമുണ്ട്. അടുത്ത അഞ്ച് മുതൽ 10 വർഷം വരെയുള്ള കാലളവിൽ ഒന്നോ രണ്ടോ യുവതാരങ്ങളെങ്കിലും ഇവിടെ നിന്ന് ദേശീയ ടീമിൽ കളിച്ചാൽ അതൊരു വലിയ നേട്ടമാണ്.”- റെയ്ന പറഞ്ഞു.

കഴിഞ്ഞ ദിവസം 34 സർക്കാർ സ്കൂളുകളിൽ ശൗചാലയവും കുടിവെള്ള സംവിധാനവും ഒരുക്കുമെന്ന് റെയ്ന വെളിപ്പെടുത്തിയിരുന്നു. തൻ്റെ 34ആം ജന്മദിനത്തോടനുബന്ധിച്ചാണ് റെയ്നയുടെ പ്രഖ്യാപനം. ഗ്രാസ്യ റെയ്ന ഫൗണ്ടേഷൻ എന്ന തൻ്റെ സന്നദ്ധസംഘടന വഴിയാണ് പദ്ധതി നടപ്പിലാക്കുക. ഈ മാസം 27നാണ് റെയ്നയുടെ 34ആം പിറന്നാൾ.

റെയ്‌നയും ഭാര്യം പ്രിയങ്കയും ചേർന്നാണ് ഗ്രാസ്യ റെയ്‌ന ഫൗണ്ടേഷൻ നടത്തുന്നത്. ഗാസിയാബാദിലെ സ്‌കൂളിൽ പാത്രം കഴുകാനും കൈകഴുകാനുമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ നിർമ്മിച്ചും കുടിവെള്ള സംവിധാനം ഒരുക്കിയും സ്മാർട്ട് ക്ലാസ് മുറികൾ സജ്ജ്മാക്കിയും റെയ്‌ന പിറന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ചു. ഒപ്പം, ഇരുവരും ചേർന്ന് 500 നിരാലംബരായ അമ്മമാർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.