റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിനായ സ്പുട്‌നിക്5 വാക്‌സിൻ 95 ശതമാനം ഫലപ്രദമെന്ന് ആർ.ഡി.ഐ.എഫ്.(റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ്) തലവൻ. പരീക്ഷണത്തിന്റെ ഭാഗമായ 18,794 പേരിൽ 39 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും 28 ദിവസത്തിനുശേഷം പരീക്ഷണഫലം വിലയിരുത്തിയപ്പോൾ 91.4 ശതമാനവും 42 ദിവസത്തിനുശേഷം വിലയിരുത്തിയപ്പോൾ 95 ശതമാനവും ഫലപ്രദമാമെന്ന് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായ ശേഷമാവും വാക്‌സിന്റെ കാര്യക്ഷമത വിലയിരുത്തുക. പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിൻ സ്വീകരിച്ച 8 പേർക്കും മറ്റു മരുന്നുകൾ സ്വീകരിച്ച 31 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

റഷ്യൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് ഗമേലയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്‌നിക്5 വാക്‌സിൻ ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കൊവിഡ് 19 വാക്‌സിനാണ്.

അതേസമയം, റഷ്യയുടെ കൊവിഡ് വാക്‌സിനെതിരെ രൂക്ഷ വിമർശനമവുമായി അമേരിക്ക രംഗത്ത് എത്തിയിരുന്നു. വാക്‌സിൻ വേഗം എത്തിക്കുക എന്നതിലും പ്രധാനം അത് ആളുകളിൽ എത്രത്തോളം ഗുണം ചെയ്യുമെന്നുള്ളതിനാണെന്ന് അമേരിക്ക വിമർശനം ഉന്നയിച്ചിരുന്നു.