സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ ഉറവിട കേന്ദ്രങ്ങളായി ഭക്ഷണ ശാലകള്‍ മാറാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഭക്ഷണ ശാലകളുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് അടുത്ത കൊവിഡ് തരംഗത്തിന്റെ ഉറവിട കേന്ദ്രങ്ങളായി ഭക്ഷണ ശാലകള്‍ മാറാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിന് ഇടയാക്കരുത്. ജാഗ്രതയോടെ മാത്രമേ ഭക്ഷണ ശാലകള്‍ സന്ദര്‍ശിക്കാവൂ. ഭക്ഷണം കഴിക്കാന്‍ പേകുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

നിലവിലെ സാഹചര്യം കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുകയാണ്. എന്നാല്‍ ഈ മഹാമാരി ലോകത്ത് മറ്റ് പ്രദേശങ്ങളില്‍ വ്യാപിച്ചത് എങ്ങനെയാണെന്ന അനുഭവം നമുക്ക് മുന്നിലുണ്ട്. പല പ്രദേശങ്ങളിലും ഒന്നാം തരംഗത്തിന് ശേഷം രണ്ടാമതും മൂന്നാമതും തരംഗങ്ങള്‍ ഉണ്ടായി. ആ ഘട്ടത്തില്‍ ഒന്നാമത്തെ തരംഗത്തെക്കാള്‍ രൂക്ഷമാകുന്ന നിലയും ഉണ്ടായി. രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തില്‍ ജാഗ്രതയില്‍ വീഴ്ച സംഭവിക്കുകയും ആളുകള്‍ അടുത്ത് ഇടപഴകുകയും ചെയ്യുമ്പോഴാണ് കൊവിഡ് വീണ്ടും ഉച്ഛസ്ഥായിയില്‍ എത്തുന്ന അവസ്ഥ ഉണ്ടായത്. അത് നമ്മുടെ നാട്ടിലും സംഭവിച്ചേക്കാം. അതുകൊണ്ടാണ് ഒരുകാരണവശാലും ശ്രദ്ധ കൈവിടരുതെന്ന് തുടര്‍ച്ചയായി അഭ്യര്‍ത്ഥിക്കുന്നത്.

യൂറോപ്പിലും അമേരിക്കയിലും മറ്റും ഉണ്ടായ രണ്ടാം തരംഗത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ രോഗ വ്യാപനത്തിന്റെ പ്രധാന ഉറവിടങ്ങളായി കണ്ടെത്തിയ സ്ഥലങ്ങള്‍ ഭക്ഷണ ശാലകളും പബ്ബുകളുമാണ്. അത് കണക്കിലെടുത്ത് നിലവില്‍ നമ്മുടെ നാട്ടില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഈ ഘട്ടത്തില്‍ വലിയ ശ്രദ്ധ നല്‍കേണ്ടതുണ്ട്. വേണ്ടത്ര നിയന്ത്രണങ്ങളും മുന്‍കരുതലുകളും പാലിക്കാതെ പല ഹോട്ടലുകളും വഴിയോര ഭക്ഷണ ശാലകളും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.

അടച്ചിട്ട എസി മുറികളില്‍ വേണ്ടത്ര അകലമില്ലാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കാന്‍ പാടില്ല. ഭക്ഷണം കഴിക്കുന്ന സമയത്ത് ആളുകള്‍ ഹോട്ടലില്‍ വേണ്ടത്ര അകലം പാലിക്കാതെ തിങ്ങിനിറയുന്നത് ഹോട്ടലിന്റെ നടത്തിപ്പുകാര്‍ അനുവദിക്കാന്‍ പാടില്ല. അതുപോലെ തന്നെ വഴിയോര കച്ചവടക്കാരും ഭക്ഷണം കഴിക്കാന്‍ കൂട്ടം കൂടുന്നത് അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.