എറണാകുളം: എറണാകുളം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും പ്രക്രിയയും പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞ് ചേരുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. തിരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ പ്ലാസ്റ്റിക് പേപ്പര്‍, പ്ലാസ്റ്റിക് നൂല്‍, പ്ലാസ്റ്റിക് റിബ്ബണ്‍ എന്നിവ പാടില്ല. പ്രചാരണങ്ങളില്‍ പ്ലാസ്റ്റിക്, പി.വി.സി. തുടങ്ങിയവ കൊണ്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.

തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലീന്‍ വസ്തുക്കള്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. വോട്ടെടുപ്പിന് ശേഷം പോളിങ് സ്‌റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറും മറ്റ് പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. പോളിങ് സ്‌റ്റേഷനുകളിലും മറ്റ് കേന്ദ്രങ്ങളിലും ഉണ്ടാവുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ വെവ്വേറെ നിക്ഷേപിക്കാന്‍ ക്യാരി ബാഗുകള്‍ സ്ഥാപിക്കുന്നതിനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. മാസ്‌ക്, ഗ്ലൗസ് എന്നിവ പ്രത്യേകം ശേഖരിച്ച്‌ സംസ്‌കരിക്കാന്‍ മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ക്യാരിബാഗുകള്‍ ഒരുക്കണം.

വോട്ടെടുപ്പിന് ശേഷം പരസ്യം സ്ഥാപിച്ചവര്‍ തന്നെ അവ നീക്കം ചെയ്യണം. ചെയ്യാത്തവ അഞ്ച് ദിവസത്തിനുള്ളില്‍ തദ്ദേശ സ്ഥാപന സെക്രട്ടറി നീക്കം ചെയ്ത് ഇതിനായുള്ള ചെലവ് സ്ഥാനാര്‍ത്ഥിയില്‍ നിന്നും ഈടാക്കും.

ഉത്തരവ് ലംഘിച്ച്‌ പ്രിന്റിംഗ് നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും 10000, 25000, 50000 രൂപാക്രമത്തില്‍ സ്ഥാനാര്‍ത്ഥി, രാഷ്ട്രീയപാര്‍ട്ടി, പ്രിന്റ് ചെയ്ത സ്ഥാപനം എന്നിവരില്‍ നിന്നും ഈടാക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിന്റ് ചെയ്യുന്ന വസ്തുക്കളുടെ വിവരങ്ങളും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും വ്യക്തമായി രേഖപ്പെടുത്തണം. പരിസ്ഥിതി ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍, കോടതി ഉത്തരവുകളും നിര്‍ദ്ദേശങ്ങളും സ്ഥാനാര്‍ത്ഥികള്‍, മറ്റ് ഉത്തരവാദിത്വപ്പെട്ടവര്‍ എന്നിവര്‍ പാലിക്കണം. ജില്ലയിലെ ഹരിത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മേല്‍നോട്ടത്തിനുമായി നോഡല്‍ ഓഫീസറെയും നിയമിച്ചിട്ടുണ്ട്. അസി. ഡെവലപ്‌മെന്റ് കമ്മീഷ്ണറും ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്ററുമായ പി.എച്ച്‌ ഷൈനാണ് ഹരിത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല.