കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടതിയെ സമീപിച്ച്‌ കസ്റ്റംസ്. സ്വര്‍ണക്കടത്തിന്റെ രീതികളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കറെ കസ്റ്റഡിയില്‍ കിട്ടാനായി കസ്റ്റംസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ശിവശങ്കര്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ഒത്താശ ചെയ്‌തെന്ന സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ കാക്കനാട് ജയിലില്‍ എത്തി കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ കസ്റ്റംസ് ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യാന്‍ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി വിവരമുണ്ടെന്നും കസ്റ്റംസ് പറയുന്നു.

ശിവശങ്കര്‍ കൂടി ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിന്റെ മാര്‍ഗങ്ങളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം വേണമെന്നും കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് ആവശ്യപ്പെട്ടു. അപേക്ഷ നാളെ കോടതി പരിഗണിക്കും. ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാന്‍ സ്വപ്ന സുരേഷിനെയും സരിത്തിനെയും കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷയും നാളെ പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നാളത്തേക്ക് മാറ്റിയത്.

സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ശിവശങ്കര്‍ ആണെന്നും 2019 ഏപ്രിലില്‍ നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നുമുള്ള ഇഡിയുടെ കണ്ടെത്തലിനോട് ഇപ്പോഴും കസ്റ്റംസ് വിയോജിക്കുകയാണ്. കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10 മണിയോടെ കാക്കനാടുള്ള ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ് സംഘം ജയിലില്‍ നിന്ന് മടങ്ങി.