തൃശൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അട്ടിമറിച്ചെന്ന് ആരോപണവുമായി മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വാനാഥന്‍ രംഗത്ത്. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിക്കാതെ ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

 

തദേശ തെരഞ്ഞെടുപ്പിലേക്ക് കെപിസിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലും അട്ടിമറിച്ചാണ് തൃശൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. ജില്ലാ യോഗങ്ങളില്‍ തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ അന്തിമപട്ടികയില്‍ നിന്നും മാറ്റിയെന്നും കെ പി വിശ്വനാഥന്‍ ആരോപിച്ചു. എ ഗ്രൂപ്പിന് പ്രധാനപ്പെട്ട പല സീറ്റുകളും നഷ്ടപ്പെട്ടെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെപിസിസി അന്വേഷണം വേണമെന്നും കെ പി വിശ്വനാഥന്‍ ആവശ്യപ്പെട്ടു.

വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതെന്നായിരുന്നു ഡിസിസി പ്രസിഡന്റ് എം പി വിന്‍സന്റിന്റെ പ്രതികരണം. അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയടക്കം പുറത്ത് വന്ന ശേഷമുള്ള ഇത്തരം ആരോപണ- പ്രത്യാരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.