മഹാരാഷ്ട്ര നിയമസഭ നല്‍കിയ അവകാശലംഘന നോട്ടീസിനെതിരെ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് അര്‍ണബിന് നോട്ടിസ് അയച്ചതെന്ന് മഹാരാഷ്ട്ര നിയമസഭാ അസിസ്റ്റന്റ് സെക്രട്ടറി കോടതിയെ അറിയിച്ചു.

 

സ്പീക്കര്‍ക്ക് കോടതിയലക്ഷ്യനോട്ടീസ് അയക്കണമെന്ന് അര്‍ണബിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ടിവി ഷോയ്ക്കിടെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയത്.