തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ബാര്‍ ഉടമ ബിജു രമേശ്. കോണ്‍ഗ്രസിന്റെ 36 പേരുടെ സ്വത്തുക്കളുടെ രേഖകള്‍ കൈവശമുണ്ട്. ഇക്കാര്യം കൈയിലിരിക്കട്ടെ എന്ന് അന്ന് കോടിയേരി പറഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. നിരവധി തവണ ആവര്‍ത്തിച്ച ആരോപണമാണ്. അതില്‍ ഒരു കാര്യവും മാറ്റി പറഞ്ഞിട്ടില്ല. എപ്പോഴും ഉപയോഗിക്കാവുന്ന കരുവായി തന്നെ കാണരുത്. അപായപ്പെടുത്താന്‍ നീക്കം നടന്നതായും ബിജു രമേശ് പറഞ്ഞു.

വിജിലന്‍സ് ചോദിച്ചത് സെക്രട്ടേറിയറ്റിലെ പടികളുടെ എണ്ണവും ഒരു വര്‍ഷം മുന്‍പിട്ട ഷര്‍ട്ടിന്റെ നിറവും ഒക്കെയായിരുന്നു. ബാര്‍ കോഴയിലെ മൊഴിയെടുപ്പ് പ്രഹസനമായിരുന്നു. കേസില്‍ കൃത്യമായി തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ വേണ്ടി കോഴ കൊടുക്കാന്‍ അസോസിയേഷന്‍ യോഗത്തില്‍ തീരുമാനിച്ച്‌10 കോടി പിരിച്ചതിന്റെ കണക്ക് വിജിലന്‍സിന്റെ കൈയിലുണ്ട്. അത് എവിടെയെല്ലാം എത്തി എന്ന് പറഞ്ഞുതന്നാലും മതി. ജോസ്.കെ. മാണിയെ വിജിലന്‍സ് തൊടില്ല. ഈ സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. വി.എസ്. ശിവകുമാറിനെതിരെ മാത്രം കേസ് ഫയല്‍ ചെയ്തു. ഇത് കോടതി സ്വീകരിച്ചു.

സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റില്‍ ഉള്ളവര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് വിളിച്ചത്. കോണ്‍സുലേറ്റില്‍ നിന്നും ആള് വന്ന് മദ്യം വാങ്ങിച്ചു. സ്വപ്‌ന തന്റെ അകന്ന ബന്ധുവാണെന്നും ബിജു രമേശ് പറഞ്ഞു.