നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി എ സുരേശന്‍ തുടരും. പ്രോസിക്യൂട്ടറുടെ രാജി സര്‍ക്കാര്‍ തള്ളി. ആഭ്യന്തര സെക്രട്ടറിക്ക് അയച്ച രാജിക്കത്ത് അംഗീകരിക്കേണ്ടെന്ന് തീരുമാനം. ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രോസിക്യൂട്ടര്‍ എ സുരേശനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.

കോടതി മാറ്റത്തിനായി ഉടന്‍ അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഉടന്‍ നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍.

 

കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും ഉത്തരവ്. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ വീണ്ടും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സനാണ് പരാതിയുമായി രംഗത്തെത്തിയത്. അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്നാണ് ആവശ്യം.