കൊച്ചി | കോടിക്കണക്കിന് രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും. കേന്ദ്ര സര്‍ക്കാറാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് കമ്പനിക്കെതിരെ റജിസ്റ്റര്‍ ചെയ്ത 1368 കേസുകളും സിബിഐ ഏറ്റെടുക്കും. കേസ് സിബിഐയ്ക്ക് വിട്ട് കഴിഞ്ഞ സെപ്റ്റംബര്‍ 24ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും സിബിഐ രൂപീകരിക്കും. പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്ഥാന പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്.
രണ്ടായിരം കോടി രൂപയില്‍ അധികം വരുന്ന തട്ടിപ്പിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നായിരുന്നു തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതേ ആവശ്യം ഉന്നയിച്ച്‌ നിരവധി നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ സംസ്ഥാന സര്‍ക്കാറും ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേസില്‍ സ്ഥാപന ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ് എന്നിവരും മക്കളും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായ റിനു മറിയം റേബ മേരി, റിയ ആന്‍ എന്നിവരുമാണ് പ്രധാനപ്രതികള്‍.