മുംബൈ: ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ നടി ഭാരതി സിംഗിനും ഭര്‍ത്താവ് ഹാര്‍ഷ് ലിമ്ബാചിയാക്കും ജാമ്യം. മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ഇരുവര്‍ക്കും തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇരുവരേയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ അറസ്റ്റു ചെയ്തത്. കോടതി ഇന്നലെ ഇരുവരെയും ഡിസംബര്‍ നാല് വരെ റിമാന്‍ഡ് ചെയ്തിരുന്നു.

ശനിയാഴ്ച ഇവരുടെ വീട് പരിശോധിച്ച എന്‍.സി.ബി 86.5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സ് നിയമപ്രകാരം ചെറിയ അളവ് മാത്രമായിരുന്നു ഇത്. ഒരു കിലോ വരെ കഞ്ചാവ് സൂക്ഷിക്കുന്നത് ചെറിയ അളവായാണ് നിയമത്തില്‍ പറയുന്നത്. ആറു മാസം വരെ തടവുശിക്ഷയോ പതിനായിരം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. 20 കിലോയോ അതില്‍ കൂടുതലോ ആണെങ്കില്‍ 20 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാം. ഇതിനു താഴെയുള്ള അളവില്‍ കഞ്ചാവ് സൂക്ഷിക്കുന്നത്. 10 വര്‍ഷം വരെ തടവിന് ഇടയാക്കും.

റിമാന്‍ഡിലായതിന് പിന്നാലെ ഇവര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നതായി എന്‍സിബി പറഞ്ഞു. എന്‍സിബി നിയമം അനുസരിച്ച്‌ ഇവരില്‍ നിന്ന് പിടിച്ചത് വളരെ കുറച്ച്‌ കഞ്ചാവാണ്. തങ്ങള്‍ക്ക് ഭാരതി സിംഗിനെ കുറിച്ച്‌ ചില വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്ന് എന്‍സിബി പറഞ്ഞു. തുടര്‍ന്നാണ് ഇവരുടെ വീട്ടിലും ഓഫീസിലും അടക്കം എന്‍സിബി റെയ്ഡ് നടത്തിയത്. ആയിരം ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കുന്നത് ചെറിയ അളവായിട്ടാണ് കാണുന്നത്. പരമാവധി ആറുമാസമാണ് ജയില്‍ ശിക്ഷ. പതിനായിരം രൂപ പിഴയും കിട്ടും. വാണിജ്യ ആവശ്യത്തിനായി 20 കിലോ ഗ്രാമോ അതില്‍ കൂടുതലോ കൈവശം വച്ചാല്‍ 20 വര്‍ഷമാണ് തടവ്. അളവ് അനുസരിച്ച്‌ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം.

മയക്കുമരുന്ന് ഡീലറെ ചോദ്യം ചെയ്തപ്പോഴാണ് ഭാരതി സിങ് കഞ്ചാവ് കൈവശം വെക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് എന്‍സിബി മയക്കുമരുന്ന് അന്വേഷണം ആരംഭിച്ചത്. ബോളിവുഡ് സിനിമാ മേഖലയിലുള്ളവര്‍ മയക്കുമരുന്ന് മേഖലയുമായി ബന്ധപ്പെടുന്നുണ്ടെന്ന വിവരങ്ങളും എന്‍സിബിക്ക് ലഭിച്ചിരുന്നു. നേരത്തെ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി, അവരുടെ സഹോദരന്‍ ഷൗവിക് എന്നിവരും അറസ്റ്റിലായിരുന്നു. പിന്നീട് നടി ദീപിക പദുക്കോണും രാകുല്‍ പ്രീത് സിംഗും സാറ അലി ഖാനെയും നാര്‍ക്കോട്ടിക്‌സ് വിഭാഗം ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്കെതിരെ തെളിവ് ഉണ്ടായിരുന്നില്ല.

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെയാണ് ബോളിവുഡിലെ ലഹരി ഇടപാടുകാരെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചത്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍.സി.ബി സിനിമപ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളും വ്യാപകമായി റെയ്ഡ് നടത്തുകയാണ്. നിര്‍മ്മാതാവ് ഫിറോസ് നദിയദ് വാലയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷബാന സെയ്ദ് അറസ്റ്റിലായിരുന്നു. നടന്‍ അര്‍ജുന്‍ രാംപാലിന്റെ ജീവിതപങ്കാളി ഗബ്രിയേലയുടെ അഗിസിലാവോസിനെ എന്‍സിബി കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് നടന്റെ വീട്ടിലും എന്‍.സി.ബി തിരച്ചില്‍ നടത്തിയിരുന്നു.