മുംബൈ: നടി ഭാർതി സിംഗ് അറസ്റ്റിൽ. ലഹരി മരുന്ന് കൈവശം വെച്ചതിന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഭാർതി സിംഗിനെ അറസ്റ്റ് ചെയ്തത്. ഭാർതി സിംഗിന്റെ വസതിയിൽ നിന്നും 86.5 ഗ്രാം കഞ്ചാവ് എൻസിബി സംഘം പിടിച്ചെടുത്തു.

താരത്തിന്റെ ഭർത്താവ് ഹർഷ ലിംബാച്ചിയയേയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇരുവരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് എൻസിബി സംഘത്തിന് മുന്നിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഭാർതി സിംഗിന്റെ വസതിയും ഓഫീസിലുമെല്ലാം നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇന്ന് പരിശോധന നടത്തിയിരുന്നു. ഭാർതിയും ലിംബാച്ചിയായും ലഹരി മരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എൻസിബിയുടെ റെയ്ഡ്. പിന്നീട് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താരങ്ങൾക്കിടയിലെ ലഹരി മരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്.

പല പ്രമുഖ താരങ്ങൾക്കും ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നാണ് എൻസിബി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സിനിമാ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും വ്യാപക റെയ്ഡ് തുടരുകയാണ്.