ഹൈദരാബാദ് : 14 വയസ്സിൽ ബിരുദമെടുക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അഗസ്ത്യ ജെയ്‌സ്വാൾ. ഹൈദരാബാദ് സ്വദേശിയായ അഗസ്ത്യ ഒസ്മാനിയ സർവ്വകലാശാലയിൽ നിന്നാണ് കുറഞ്ഞ പ്രായത്തിൽ ബിരുദം നേടിയത്. മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിലാണ് അഗസ്ത്യക്ക് ബിരുദം ലഭിച്ചത്.

ഒൻപതു വയസ്സിൽ അഗസ്ത്യ ജെയ്‌സ്വാൾ പത്താം ക്ലാസ്സ് വിജയിച്ചിരുന്നു. 11 വയസ്സിൽ 63 ശതമാനം മാർക്കോടെ ഇന്റർമീഡിയറ്റ് പരീക്ഷയും വിജയിച്ചു. തുടർന്നാണ് ബിരുദ പഠനത്തിന് ചേർന്നത്. തന്റെ എല്ലാ ഉയർച്ചകൾക്കും പിന്തുണ നൽകിയത് രക്ഷിതാക്കളാണെന്ന് അഗസ്ത്യ പറഞ്ഞു.

ദേശീയ ടേബിൾ ടെന്നിസ് താരമാണ് അഗസ്ത്യ. 1.72 സെക്കന്റിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ മുഴുവൻ ടൈപ്പ് ചെയ്യാൻ അഗസ്ത്യയ്ക്ക് സാധിക്കും. 100 വരെയുള്ള ഗുണന പട്ടികയും മനപ്പാഠമാണ്.ഒരേ സമയം ഇരു കൈകളും ഉപയോഗിച്ച് എഴുതാൻ സാധിക്കും. താനൊരു അന്താരാഷ്ട്ര മോട്ടിവേണൽ സ്പ്പീക്കറാണെന്നും അഗസ്ത്യ പറഞ്ഞു.

ഡോക്ടറാകാനാണ് അഗസ്ത്യയ്ക്ക ആഗ്രഹം. മകന്റെ നേട്ടത്തിൽ മാതാപതാക്കളും സന്തോഷത്തിലാണ്. എല്ലാ കുട്ടികൾക്കും വിവിധ തരത്തിലുള്ള കഴിവുകളുണ്ടെന്നും അത് കണ്ടുപിടിച്ച് പിന്തുണ നൽകേണ്ടത് രക്ഷിതാക്കളാണെന്നും അഗസ്ത്യയുടെ പിതാവ് അശ്വിനി കുമാർ ജെയ്‌സ്വാൾ പറഞ്ഞു.