വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സ്ഥാനമേൽക്കുന്ന ദിവസം മുതൽ ജോ ബൈഡന് നൽകുമെന്ന് ട്വിറ്റർ. അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാൻ ട്രംപ് വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റർ ഇക്കാര്യം വ്യക്തമാക്കിയത്.

വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് മറ്റ് ട്വിറ്റർ അക്കൗണ്ടുകളായ @whitehouse, @VP, @FLOTUS എന്നിവയുടെ ഉടമസ്ഥതയും ബൈഡൻ സ്ഥാനമേൽക്കുന്നതോടെ പുതിയ പ്രസിഡന്റിന്റെ ഓഫീസിന് കൈമാറും. ബൈഡൻ പ്രസിഡന്റായി ചുമതലയേൽക്കുന്ന 2021 ജനുവരി 20 മുതൽ വൈറ്റ് ഹൗസിന്റെ ട്വിറ്റർ അക്കൗണ്ട് പുതിയ പ്രസിഡന്റിന് കൈമാറാനുള്ള തയ്യാറെടുപ്പുകൾ ട്വിറ്റർ നടത്തി വരികയാണ്. 2017 ൽ ഡൊണാൾഡ് ട്രംപിന്റെ അധികാര കൈമാറ്റ സമയത്തെ നടപടി ക്രമങ്ങൾ തന്നെയായിരിക്കും ഇത്തവണയും പിന്തുടരുന്നതെന്നും ട്വിറ്റർ അറിയിച്ചു. നാഷണൽ ആർക്കൈവ്‌സ് ആൻഡ് റെക്കോർഡ് അഡ്മിനിസ്‌ട്രേഷന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചു കൊണ്ടായിരിക്കും ഇതെന്നാണ് ട്വിറ്റർ അറിയിക്കുന്നത്.

പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടാലും ട്രംപിന് @realdonaldtrump എന്ന അക്കൗണ്ട് തുടർന്നും ഉപയോഗിക്കാൻ കഴിയും. എന്നാൽ ഇതുവരെ ലഭിച്ചു വന്നിരുന്ന പ്രത്യേക പരിഗണന ട്രംപിന്റെ സ്വകാര്യ അക്കൗണ്ടിന് ഇതോടെ നഷ്ടമാകുമെന്നും ട്വിറ്റർ അറിയിച്ചു.