കേരളത്തിലെ കൊവിഡ് മരണ കണക്കുകളെക്കുറിച്ച് ഡോ. അരുണ്‍ എന്‍. മാധവന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വോളന്റിയര്‍മാര്‍ നടത്തിയ പഠനം പുറത്തുവിട്ട് ബിബിസി. ഏഴ് പത്രങ്ങളുടെയും അഞ്ച് ചാനലുകളുടെയും ദിനംപ്രതിയുള്ള വാര്‍ത്തകള്‍ പരിശോധിച്ചാണ് ഡോ. അരുണ്‍ എന്‍. മാധവന്റെ നേതൃത്വത്തില്‍ പഠനം നടത്തിയിരിക്കുന്നത്. പത്രങ്ങളുടെ ജില്ലാ എഡിഷനുകളിലും ചരമപേജുകളിലും വന്ന കൊവിഡ് മരണ റിപ്പോര്‍ട്ടുകളാണ് പഠനത്തിന് ആധാരം.

വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ 3,356 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ഡോ. അരുണ്‍ എന്‍. മാധവന്റെ നേതൃത്വത്തിലുള്ള വോളന്റിയര്‍മാര്‍ കണ്ടെത്തി. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1969 പേര്‍ മാത്രമാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ജനുവരിയിലായിരുന്നു കേരളത്തില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ മരണം സംഭവിച്ചത് മാര്‍ച്ചിലും.

കൊവിഡ് മൂലമുള്ള മരണത്തിന്റെ കണക്കുകള്‍ കണ്ടെത്താന്‍ ഡോ. അരുണ്‍ എന്‍.മാധവന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം ഇത്തരത്തിലുള്ള കണക്കുകള്‍ കണ്ടെത്തുന്നതിനുള്ള മികച്ച രീതിയാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടൊറാന്റോയിലെ പ്രഭാത് ഛാ പറയുന്നു. ഇന്ത്യയിലെ പ്രീമച്വര്‍ മോര്‍ട്ടാലിറ്റി റേറ്റിനെക്കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

കേരളത്തില്‍ നിരവധി കൊവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്ന് ഡോ. അരുണ്‍ എന്‍. മാധവന്‍ പറയുന്നു. പകുതിയിലധികം കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് കണ്ടെത്തുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ളവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 8.9 മില്ല്യണ്‍ പിന്നിട്ടു. കൊവിഡ് കേസുകളില്‍ യുഎസിന് തൊട്ടുപിന്നിലാണ് നിലവില്‍ രാജ്യത്തിന്റെ സ്ഥാനം. 1,30,000 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. എന്നാല്‍ കേസ് ഫെര്‍ട്ടാലിറ്റി റേറ്റ് 1.5 ശതമാനമാണ്.

രാജ്യത്തെ താരതമ്യേന കുറഞ്ഞ മരണനിരക്ക് യഥാര്‍ത്ഥമല്ല. പല സംസ്ഥാനങ്ങളിലും ഗണ്യമായ കണക്കെടുപ്പ് നടക്കുന്നില്ലെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു. അന്തിമ കണക്കിലേക്ക്, കൊവിഡ് സംശയിക്കപ്പെടുന്ന കേസുകള്‍ ചേര്‍ത്തിട്ടില്ലെന്നും അവര്‍ പറയുന്നു.

കൊവിഡ് കണക്കുകളില്‍ കേരളം സുതാര്യത അവകാശപ്പെടുന്നുണ്ടെങ്കിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വ്യത്യാസമുണ്ടെന്ന് ഡോ. അരുണ്‍ എന്‍. മാധവന്‍ പറയുന്നു. മരണത്തിന് തൊട്ടുമുന്‍പ് കൊവിഡ് നെഗറ്റീവ് ആയവരുടെ മരണം കണക്കുകളില്‍ ഉള്‍പ്പെടുത്തുന്നില്ല. തന്റെ ക്ലിനിക്കില്‍ കൊവിഡ് ലക്ഷണവുമായി എത്തിയ 65 നും 78 നും ഇടയില്‍ പ്രായമുള്ള മൂന്ന് പുരുഷന്മാര്‍ മരണപ്പെട്ടിട്ടും അവരുടെ കണക്കുകള്‍ മാധ്യമങ്ങളിലോ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളിലോ ഉള്‍പ്പെട്ടിട്ടില്ല.

ചില മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാനായിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധന്‍ രാജീവ് സദാനന്ദന്‍ പറയുന്നു. രോഗവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ എന്നും ആത്മവിശ്വാസമുള്ള സംസ്ഥാനമാണ് കേരളം. 2018 ല്‍ നിപ്പാ വൈറസിനെ നേരിടുന്നതിനും ഇതാണ് സംസ്ഥാനത്തിന് കരുത്തായത്. ചില ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ലായിരിക്കാം. കണക്കുകള്‍ മൂടിവയ്ക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരിയില്‍ വുഹാനില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നാണ് കൊവിഡ് രോഗം സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ച് മാസത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കുതിച്ചുയര്‍ന്നപ്പോഴും കേരളത്തില്‍ എണ്ണം കുറവായിരുന്നു. മേയ് മാസത്തില്‍ ഒരു കേസ് പോലുമില്ലാത്ത ദിവസങ്ങള്‍ കേരളത്തിലുണ്ടായി. പിന്നീട് ജൂലൈ മാസത്തോടെ 800ലധികം പേര്‍ക്കാണ് പ്രതിദിനം രോഗബാധയുണ്ടായത്. ഇപ്പോള്‍ 5000 ത്തിലധികമുണ്ട്. പ്രതിദിനം 60,000 ത്തോളം ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്താറ്. സംസ്ഥാനത്ത് ഏതാണ്ട് 30 ശതമാനം കുറവ് മരണമേ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളുവെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ബിബിസി റിപ്പോര്‍ട്ടിലുണ്ട്.