സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ കത്ത് ലഭിച്ചുവെന്ന് ജയിൽ മേധാവിയുടെ സ്ഥിരീകരണം. ജയിൽ മേധാവി ഋഷിരാജ് സിംഗ് കത്ത് പൊലീസിന് കൈമാറി. അന്വേഷണം നടത്തുന്ന കാര്യത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്തിമ തീരുമാനമെടുക്കും.

കേന്ദ്ര ഏജൻസികൾക്കെതിരായ സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ പ്രചരിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ കത്താണ് ജയിൽ മേധാവി ഡിജിപിക്ക് കൈമാറിയത്. ഇഡിയുടെ കത്തിന് മറുപടി നൽകണമെങ്കിൽ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാണ് ജയിൽ വകുപ്പിന്റെ നിലപാട്. ഇത് ചൂണ്ടിക്കാട്ടിയാണ് ജയിൽ മേധാവി ഋഷിരാജ് സിംഗ് കത്ത് കൈമാറിത്. സംഭവത്തിൽ മുൻപ് അന്വേഷണം നടത്തിയ ജയിൽ വകുപ്പ് അട്ടക്കുളങ്ങര ജയിലിൽ വച്ചല്ല ഇത് സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു. ശബ്ദം സ്വപ്നയുടേതാണോയെന്ന് സ്ഥിരീകരിക്കാൻ
കഴിഞ്ഞില്ലെന്നും ജയിൽ ഡിഐജിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയിൽ വകുപ്പ് പിന്നീട് ഡിജിപിക്ക് റിപ്പോർട്ട് നൽകിയെങ്കിലും പൊലീസ് തുടർ നടപടി എടുത്തിരുന്നില്ല. സംഭവം ജയിൽ വകുപ്പിന്റെ പരിധിയിൽ വരുന്നതല്ലെന്നും കുറ്റകൃത്യമോ കേസോ ഇല്ലാത്തതിനാൽ അന്വേഷണം സാധ്യമല്ലെന്നുമുളള നിയമോപദേശമായിരുന്നു പൊലീസിന് ലഭിച്ചിരുന്നത്.

എന്നാൽ, അന്വേഷണം വേണമെന്ന് ഇ.ഡി തന്നെ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നതിനാൽ തുടർ നടപടിയിൽ നിന്ന് ജയിൽ വകുപ്പിനും പൊലീസിനും ഒഴിഞ്ഞുമാറാനാകില്ല. ഇ.ഡി കോടതിയെ സമീപിച്ചാൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകും. അതിനാൽ ഡിജിപി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചേക്കും.