ഇന്ത്യാന ∙ ഇന്ത്യാനയിൽ നിന്നുള്ള പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.അരവിന്ദ് ഗാന്ധിയുടെ പേരിൽ ആരോപിക്കപ്പെട്ട കേസിൽ 66 മില്യന്‍ ഡോളർ (ഏതാണ്ട് 490 കോടിയോളം രൂപ) നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പിന് ധാരണയായി. 260 രോഗികളിൽ അനാവശ്യമായി ശസ്ത്രക്രിയ നടത്തി എന്നതാണ് കാർഡിയോളജി അസോസിയേറ്റ്സ് ഓഫ് നോർത്ത് വെസ്റ്റ് ഇന്ത്യാന ഡോ. അരവിന്ദ് ഗാന്ധിയുടെ പേരിൽ ചുമത്തിയിരുന്ന കേസ്.

ഈ കേസിലാണ് 66 മില്യൻ നഷ്ടപരിഹാരം നൽകുന്നതിന് തീരുമാനമായത്. 262 രോഗികൾക്കു വേണ്ടി‌യാണ് കേസ് ഫയൽ ചെയ്തിരുന്നത്. ധാരണയുടെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നോർത്ത് വെസ്റ്റ് ഇന്ത്യാന കാർഡിയോളജി ഗ്രൂപ്പും, നോർത്ത് വെസ്റ്റ് ഇന്ത്യാന ആശുപത്രിയും ഇന്ത്യാന പേഷ്യന്റസ് കോംപൻസേഷൻ ഫണ്ടുമായി സഹകരിച്ചാണ് ധാരണയിൽ ഒപ്പുവച്ചിരിക്കുന്നത്. ഹൃദയശസ്ത്രക്രിയകൾ അനാവശ്യമായി നടത്തിയത് ഡോ.അരവിന്ദ് ഗാന്ധിയായിരുന്നുവെന്നു ആറു വർഷം മുൻപു തന്നെ പരാതി ലഭിച്ചിരുന്നു.

2012ൽ 20 കേസുകളാണ് ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നതെങ്കിൽ 2016ൽ അതു 300 കേസുകളായി. ആദ്യ കേസിൽ ഡോ.അരവിന്ദ് ഗാന്ധിക്കെതിരെ വിധി വരുന്നത് 2015 ഡിസംബറിലായിരുന്നു.