വാഷിങ്ടൻ ∙ രാജ്യത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, വർഷാവസാനത്തിനുമുൻപ് അടിയന്തര കോവിഡ് സഹായം നടപ്പാക്കാൻ ജോ ബൈഡൻ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ വിജയിച്ച ബൈഡൻ വെള്ളിയാഴ്ച വൈറ്റ് ഹൗസ് സ്പീക്കർ നാൻസി പെലോസി, സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷുമേർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.

നവംബർ 19 ന് സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണലും റിപ്പബ്ലിക്കൻ നേതാക്കളുമായി നടത്തിയ ചർച്ചയിലും ഉത്തേജക പാക്കേജിൽ ധാരണയുണ്ടായില്ല. 455 ബില്യൻ ഡോളർ ചെലവഴിക്കാത്ത ചെറുകിട ബിസിനസ് വായ്പ ഫണ്ടുകൾ ദുരിതാശ്വാസ പാക്കേജിലേക്ക് മാറ്റണമെന്ന് മക്കോണൽ നിർദ്ദേശിച്ചു. ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.