പെൻ‌സിൽ‌വാനിയ ∙ ഒരു മാസം മുമ്പ് അഞ്ഞൂറോളം രോഗികളിൽ നിന്ന് രണ്ടാഴ്ച പിന്നിട്ടപ്പോൾ അത് മൂന്നിരട്ടിയായി. എന്നാൽ വ്യാഴാഴ്ച ആയപ്പോഴേക്കും സർവ്വരെയും ഞെട്ടിച്ചുകൊണ്ട് 7,000 കവിഞ്ഞു, 7,126 പുതിയ പ്രതിദിന കേസുകൾ. ഇത് പെൻസിൽവാനിയയിലെ ഏപ്രിലിലെ മുൻ പീക്കിനേക്കാൾ മൂന്നിരട്ടി കൂടുതലാണ്. വെള്ളിയാഴ്ച ഉച്ച സമയം ആയപ്പോഴേക്കും ഇതുവരെയായി 6,808 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു, ഇതേരീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോവുകയാണെങ്കിൽ ഡിസംബർ മാസം ആവുമ്പോഴേക്കും പെൻ‌സിൽ‌വാനിയയ്ക്ക് ഐസിയു കിടക്കകൾ പൂർണ്ണമായും തീർന്നുപോകുമെന്ന് പെൻ‌സിൽ‌വാനിയ ആരോഗ്യ സെക്രട്ടറി റേച്ചൽ ലെവിൻ മുന്നറിയിപ്പ് നൽകുന്നു.

പെൻ‌സിൽ‌വാനിയ ആശുപത്രികളിൽ ആകെ 3,800 ഗുരുതരമായ ആവശ്യങ്ങൾക്കുള്ള പരിചരണ കിടക്കകളാണുള്ളത്, എന്നാൽ മൂന്നിൽ രണ്ട് കിടക്കകളിലും നിലവിൽ വിവിധ രോഗികളുണ്ട്. നിലവിലുള്ള ഐസിയു കിടക്കകളുടെ എണ്ണം ജൂൺ പകുതിയോടെ 1,200 ൽ നിന്ന് ബുധനാഴ്ച ആയപ്പോഴേക്കും 780 ആയി കുറഞ്ഞു. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ ആശങ്കാജനകമാണ്, പെൻ‌സിൽ‌വാനിയ ആരോഗ്യ സെക്രട്ടറി റേച്ചൽ ലെവിൻ ചൊവ്വാഴ്ച സംസ്ഥാനത്തെ 250 ആശുപത്രികളിലെയും ആരോഗ്യ സംവിധാനങ്ങളിലെയും എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് ഇത്തരം ഗൗരവമേറിയ വിഷയങ്ങൾ ചൂണ്ടിക്കണിച്ചുകൊണ്ട് മെമ്മോ അയച്ചു.

പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചുയരുന്നതിനാൽ പെൻ‌സിൽ‌വാനിയയിലെ ഐസിയു കിടക്കകളുടെ ആവശ്യകത അടുത്ത മാസം പകുതിയോടെ അതിന്റെ ലഭ്യതയെ മറികടക്കുമെന്ന് വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനും വിലയിരുത്തുന്നു.

തുടർച്ചയായ മൂന്നാം ദിവസവും 100 പുതിയ കോവിഡ് മരണങ്ങൾ പെൻ‌സിൽ‌വാനിയയിൽ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യവകുപ്പ് വെള്ളിയാഴ്ച 108 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു, മൊത്തത്തിൽ കുറഞ്ഞത് 9,689 പെൻ‌സിൽ‌വാനിയക്കാർ മരിച്ചു, 6,179 പേർ വിവിധ നേഴ്‌സിംഗ് ഹോമുകളിൽ നിന്നോ മറ്റു പരിചരണ കേന്ദ്രങ്ങളിൽ നിന്നോ ആണ് മരണപ്പെട്ടത്. ഇൻഡോർ ഒത്തുചേരലുകൾ, ജിമ്മുകൾ, മ്യൂസിയങ്ങൾ, മറ്റ് വേദികൾ എന്നിവ നിരോധിക്കുന്നതിനും ഇൻഡോർ ഡൈനിംഗ് അടയ്ക്കുന്നതിനുമുള്ള ഫിലാഡൽഫിയയിലെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രാബല്യത്തിൽ വരും, കുറഞ്ഞത് 2021 ജനുവരി 1 വരെ അത് നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചു.

ബാർബർ ഷോപ്പുകൾ, സലൂണുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ഹോട്ടലുകൾ എന്നിവ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കും. ആളുകളുടെ എണ്ണത്തിൽ പരിമിതി വരുത്തിക്കൊണ്ടും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും ആരാധനാലയങ്ങളിൽ സർവ്വീസുകൾ അനുവദിക്കും.