തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്‍ വില്‍പനശാലകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യ വിതരണം തുടങ്ങി. ബെവ് ക്യൂ ആപ്പ് തകരാറിലായതിനാല്‍ താല്‍ക്കാലികമായാണ് മദ്യവിതരണം ടോക്കണ്‍ ഇല്ലാതെ നടത്തുന്നതെന്ന് ബിവറേജസ് കോര്‍പറേഷന്‍ അറിയിച്ചു. മദ്യവില്‍പനയിലൂടെ ലഭിക്കേണ്ട വലിയ വരുമാനം കുറഞ്ഞതോടെ ടോക്കണ്‍ ഇല്ലാതെ മദ്യം നല്‍കാന്‍ ജീവനക്കാരോട് ബെവ്കോ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഔദ്യോഗിക ഉത്തരവ് നല്‍കാതെ ഇത്തരത്തില്‍ മദ്യം വില്‍ക്കാനാകില്ലെന്ന നിലപാടാണ് ജീവനക്കാര്‍ സ്വീകരിച്ചത്. വിജിലന്‍സ് പ്രശ്‌നം ഉണ്ടാകുമോയെന്ന് ഭയന്നാണ് ജീവനക്കാര്‍ ടോക്കണ്‍ ഇല്ലാതെ മദ്യം നല്‍കാന്‍ വിസമ്മതിച്ചത്. മദ്യവില്‍പ്പന കമ്പനികളുടെ സമ്മര്‍ദവും ടോക്കണ്‍ ഒഴിവാക്കുന്നതിനു പിന്നിലുണ്ടെന്നും പറയപ്പെടുന്നു.