ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പില്‍ ഏറ്റവും കൂടുതല്‍ പ്രശംസ പിടിച്ചുപറ്റിയ ഒരു താരമാണ് സൂര്യകുമാര്‍ യാദവ്. തകര്‍പ്പന്‍ ഇന്നിങ്സുമായി മുംബൈ ഇന്ത്യന്‍സിന്റെ കിരീട നേട്ടത്തിലേക്കുളള യാത്രയില്‍ നിര്‍ണായക പങ്കുവഹിച്ച സൂര്യകുമാര്‍ യാദവിനെ എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ താരം വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള മറ്റൊരു കാര്യം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള ഉരസലാണ്.

മുംബൈ ഇന്ത്യന്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തില്‍ തകര്‍പ്പനടികളുമായി ക്രീസില്‍ നിലയുറപ്പിച്ച സൂര്യകുമാറിനെ തളര്‍ത്താന്‍ സ്ലെഡ്ജിങ് എന്ന മാര്‍ഗമാണ്. മത്സരത്തിനിടെ സൂര്യകുമാറിനെ കോഹ്‌ലി തുറിച്ചുനോക്കുന്നത് ക്രിക്കറ്റ് ആരാധകര്‍ അത്രവേഗം മറക്കാന്‍ സാധ്യതയില്ല. എന്നാല്‍ കോഹ്‌ലിയുടെ പ്രകോപനത്തില്‍ ശാന്തനായിട്ടായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം.

അതേസമയം മത്സരത്തിന് ശേഷം കോഹ്‌ലിയുടെ സ്വഭാവത്തെക്കുറിച്ച്‌ മനസ് തുറന്നിരിക്കുകയാണ് സൂര്യകുമാര്‍. മത്സരത്തിന് ശേഷം സാധാരണ നിലയില്‍ പെരുമാറിയ കോഹ്‌ലി തന്നെ അനുമോദിച്ചെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.

“എല്ലാ മത്സരങ്ങളിലും അദ്ദേഹത്തില്‍ ഇത്രയും ഊര്‍ജ്ജസ്വലത കണ്ടിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും അതുണ്ടായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി കളിക്കുമ്ബോഴും ഫ്രാഞ്ചൈസിക്കുവേണ്ടി കളിക്കുമ്ബോഴും അദ്ദേഹം ആക്രമണോത്സുകനാണ്. അന്ന് ആ മത്സരത്തിന് ശേഷം അദ്ദേഹം സാധാരണ നിലയിലായി. നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.” സൂര്യകുമാര്‍ പറഞ്ഞു.

അതേസമയം വിരാട് കോഹ്‌ലിയെ ‘കടലാസ് ക്യാപ്‌റ്റന്‍’ എന്നു വിശേഷിപ്പിച്ചുള്ള ഒരു ട്രോളില്‍ സൂര്യകുമാര്‍ യാദവ് ലൈക്ക് അടിച്ചത് വിവാദമായിരുന്നു. ബിസിസിഐ സെലക്‌ടേഴ്‌സിനെ അടക്കം ട്രോളിയ ട്വീറ്റിലാണ് സൂര്യകുമാര്‍ ലൈക്ക് അടിച്ചത്. ഇതില്‍ സൂര്യകുമാര്‍ ലൈക്ക് അടിച്ചത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ കാര്യങ്ങള്‍ ചൂടുപിടിച്ചു. സൂര്യകുമാര്‍ കോഹ്‌ലിയെ അവഹേളിച്ചെന്നാണ് ഒരു വിഭാഗം ആരോപിച്ചത്. ട്വീറ്റിലെ ലൈക്ക് വിവാദമായതോടെ സൂര്യകുമാര്‍ അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.