കോട്ടയം അതിരമ്പുഴയില്‍ വ്യവസായിയെ വാഹനമിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം. പ്രഭാത സവാരിക്ക് ഇറങ്ങിയ സെബാസ്റ്റ്യനാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം കൊട്ടേഷനെന്നും പിന്നില്‍ സെബാസ്റ്റ്യന്റെ ബിസിനസ് പങ്കാളിയെന്നും പൊലീസ്.

രാവിലെ 6.50നായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ സെബാസ്റ്റ്യനെ മറികടന്ന് പോയ മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ സൈലോ വാഹനമാണ് തിരികെയെത്തി അപകടമുണ്ടാക്കിയത്. സെബാസ്റ്റ്യനെ ഇടിച്ചിട്ട വാഹനം പോസ്റ്റില്‍ ഇടിച്ച്‌ മറിഞ്ഞു.

വാഹനത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഫോണ്‍ പരിശോധിച്ചു. വാട്‌സാപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ നീക്കം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതോടെ ചോദ്യം ചെയ്യുകയായിരുന്നു. സംഭവം കൊട്ടേഷന്‍ ആണെന്ന് പിടിയിലായവര്‍ കുറ്റസമ്മതം നടത്തി. സെബാസ്റ്റ്യന്റെ ബിസിനസ് പങ്കാളിയാണ് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ സെബാസ്റ്റ്യന്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഫോണ്‍ രേഖകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനും പ്രതിയെന്ന് സംശയിക്കുന്ന ബിസിനസ് പങ്കാളിയുമായി കേസുകളുണ്ട്. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും എന്ന് ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു.