തിരുവനന്തപുരം:​ വിസ തട്ടിപ്പുകാരനായ തമിഴ്നാട് കന്യാകുമാരി സ്വദേശി സുധീഷ് ക്രിസ്തുദാസിനെ (49) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. രണ്ട് വര്‍ഷം മുമ്ബ് ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ പലരും പൊലീസില്‍ പരാതി കൊടുത്തു.

തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ചെന്നൈ ബോര്‍ഡറിലെ കുണ്ടറത്തൂര്‍ മുരുകന്‍ കോവില്‍ കോളനിയില്‍ നിന്നാണ് ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. ഫോര്‍ട്ട് പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്‍ നായര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാകേഷ്.ജെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ സജു എബ്രഹാം, വിമല്‍, സെല്‍വിയസ്, സി.പി.ഒ മാരായ ബിനു, സാബു തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത് .