പാകിസ്താനിൽ 1300 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം കണ്ടെത്തി. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ സ്വാത് ജില്ലയിലാണ് പാകിസ്താൻ, ഇറ്റാലിയൻ പര്യവേഷകർ ചേർന്ന് ക്ഷേത്രം കണ്ടെത്തിയത്. കണ്ടെത്തിയ ക്ഷേത്രം ഒരു വിഷ്ണു ക്ഷേത്രമായിരുന്നു എന്ന് ഖൈബർ പഖ്തുൻഖ്വ ഡിപ്പാർട്ട്മെൻ്റ് ഓഫ് ആർക്കിയോളജിയിലെ ഫസൽ ഖാലിഖ് പറഞ്ഞു. ഹിന്ദു ഷാഹി കാലഘട്ടത്തിൽ, 1300 വർഷം മുൻപാണ് ക്ഷേത്രം നിർമിക്കപ്പെട്ടത്.

പര്യവേഷണത്തിനിടെ പട്ടാള ക്യാമ്പുകളും കാവൽമാടവും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിനു സമീപത്തുനിന്ന് കണ്ടെത്തിയ കുളം ആരാധനയ്ക്കു മുൻപ് വിശ്വാസികൾ കുളിക്കാൻ ഉപയോഗിച്ചിരുന്നതാവാം എന്ന് കരുതുന്നു. പ്രദേശത്ത് കൂടുതൽ പര്യവേഷണം നടക്കുകയാണ്.