സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ വന്‍ പ്രചാരവേലയാണ് നടക്കുന്നത്.

സിഎജിയെ കൂട്ടുപിടിച്ച് പ്രതിപക്ഷം നടത്തിയത് ഗൂഢാലോചനയാണെന്നും കിഫ്ബിയെ ദുര്‍ബലമാക്കാനാണ് ശ്രമമെന്നും വിജയരാഘവന്‍. പ്രതിപക്ഷം കളിക്കുന്നത് സങ്കുചിത രാഷ്ട്രീയമാണ്. കിഫ്ബി വഴി നടന്നത് 60,000 കോടിയുടെ വികസനം. യുഡിഎഫിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്ന് കാണിക്കാന്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

അതേസമയം കിഫ്ബിയെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്ന ആരോപണത്തിന് ധനമന്ത്രി തോമസ് ഐസക്കിന്‍റെ കൈയില്‍ തെളിവില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കരടില്‍ ഇല്ലാത്ത ഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കാന്‍ സിഎജിക്ക് അധികാരമുണ്ട്. മസാല ബോണ്ട് ഭരണഘടനാവിരുദ്ധമാണ്. സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏതെങ്കിലും പദ്ധതി മുടങ്ങിയിട്ടുണ്ടോയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.