ജക്കാർത്ത: വീടിന് മുകളിൽ ഉൽക്കാശില പതിച്ചതോടെ ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി വീട്ടുടമ. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. 33 കാരനായ ജോഷ്വാ ഹുത്തഗാലുഗിനാണ് ഇത്തരമൊരു അപൂർവ്വ സൗഭാഗ്യം ലഭിച്ചത്. ശവപ്പെട്ടി നിർമ്മാതാവായ ജോഷ്വായുടെ വീടിന് മുകളിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഉൽക്കാശിലകൾ പതിച്ചത്.

2.1 കിലോ ഭാരമുള്ള ചെറിയ ഉൽക്കാശിലകളായിരുന്നു പതിച്ചത്. ഏകദേശം ഒരു മില്യൺ പൗണ്ടിലേറെ (9.8 കോടി രൂപ) വരുന്ന തുകയ്ക്ക് ഈ ഉൽക്കകൾ വിറ്റഴിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഉൽക്കാശിലകൾ വിറ്റഴിച്ചത്. ജോഷ്വാ തന്നെയാണ് ഉൽക്കകൾ വിറ്റഴിച്ച വിവരം അറിയിച്ചത്. എന്നാൽ ഉൽക്കാശിലകൾ വിറ്റഴിച്ച തുക എത്രയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇയാൾ പുറത്തു വിട്ടിട്ടില്ല.

അമേരിക്കക്കാരനായ ജാർഡ് കോളിൻസ് എന്നയാൾക്കാണ് ജോഷ്വാ ഉൽക്കകൾ വിറ്റത്. ഇയാൾ മറ്റൊരാൾക്ക് വിറ്റ ഉൽക്കാശിലകൾ നിലവിൽ അരിസോണാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഉൽക്കാ പഠന കേന്ദ്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. കോടീശ്വരനായതോടെ ശവപ്പെട്ടി നിർമ്മാണ മേഖലയിൽ നിന്നും വിരമിച്ച ജോഷ്വാ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. തന്റെ ഗ്രാമത്തിൽ ഒരു പള്ളി പണിയണമെന്നാണ് ജോഷ്വായുടെ ഏറ്റവും വലിയ ആഗ്രഹം. ഇതിനായുള്ള ശ്രമത്തിലാണ് ജോഷ്വാ ഇപ്പോൾ.