കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിവി നാഗേഷിനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി കാലാവധി. നാഗേഷിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി നാളെ പരിഗണിക്കും. നാഗേഷ് ഉടമയായിട്ടുള്ള നാഗേഷ് കൺസൾട്ടൻസി ആയിരുന്നു പാലാരിവട്ടം പാലം രൂപകൽപ്പന ചെയ്തത്. പാലാരിവട്ടം പാലത്തിന്റെ രൂപകൽപ്പന ഇയാൾ മറ്റൊരു കമ്പനിക്കും കൈമാറിയിരുന്നു. ഇന്നലെയാണ് ഇയാളെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തത്. നാഗേഷനൊപ്പം പാലം രൂപകൽപ്പനയിൽ പങ്കാളിയായിരുന്ന മഞ്ജുനാഥിനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു.

കേസിൽ 17 ലക്ഷം രൂപയാണ് കൺസൾട്ടൻസി രൂപകൽപ്പനയ്ക്കായി നാഗേഷ് കൈപ്പറ്റിയത്. പാലാരിവട്ടം പാലത്തിന്റെ തകർച്ചക്ക് അതിന്റെ രൂപകൽപ്പനയിലെ പിഴവും കാരണമായെന്ന് വിദഗ്ധർ കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണ് അറസ്റ്റ്. നിർമ്മാണക്കരാർ ഏറ്റെടുത്ത ആർഡിഎസ് ഗ്രൂപ്പ് എംഡിയും ഒന്നാം പ്രതിയുമായ സുമിത് ഗോയലിന് ലാഭമുണ്ടാക്കാനായി വിവി നാഗേഷ് പ്രവർത്തിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേർത്തിരുന്നു. കേസിൽ പത്താം പ്രതിയാണ് ഹനീഷ്. അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ടുനിന്നെന്നാണ് മുഹമ്മദിനെതിരായ കേസ്. സുരക്ഷാ നിക്ഷേപം ഈടാക്കുന്നതിൽ വീഴ്ചപറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തി.

പാലാരിവട്ടം പാലത്തിന്റെ നിർമ്മാണ ചുമതല റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപറേഷന്(ആർബിഡിസി) ആയിരുന്നു. നിർമ്മാണത്തിനായി കമ്പനിക്ക് സർക്കാർ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ നൽകിയിരുന്നു. പാലം നിർമ്മാണത്തിനുള്ള ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. പണം മുൻകൂറായി ആർബിഡിസിക്ക് നൽകിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത് സെക്രട്ടറി ടിഒ സൂരജ് പറഞ്ഞിരുന്നത്.