കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം. ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലാണ് കേന്ദ്ര സംഘത്തെ അയക്കുക.

എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ ഹരിയാന സംഘത്തെ നയിക്കും. മൂന്നാം ഘട്ട രോഗ ബാധ തുടരുന്ന ഡല്‍ഹിയില്‍ കേന്ദ്രം നിര്‍ദേശിച്ച 12 ഇന പ്രതിരോധ നടപടികള്‍ പുരോഗമിക്കുകയാണ്. കൊവിഡ് പ്രതിരോധത്തില്‍ ന്യൂയോര്‍ക്കിനേക്കാള്‍ മികച്ചതാണ് ഡല്‍ഹി എന്ന് സര്‍വകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

മാസ്‌ക് ധരിക്കാത്തവര്‍ക്കുളള പിഴ 2000 രൂപയാക്കിയതായും കെജ്‌രിവാള്‍ അറിയിച്ചു. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 45,576 പുതിയ കേസുകളും 585 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകള്‍ 89,58,484ഉം മരണം 1,31,578ഉം ആയി. രോഗമുക്തി നിരക്ക് 93.58 ശതമാനമായി.