ന്യൂയോര്‍ക്ക് ∙ ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡല മകര വിളക്ക് പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കമായി. മുന്‍ വര്‍ഷത്തിലേത് പോലെ ഈ വര്‍ഷവും മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും സര്‍വ ഐശ്വേര്യ സിദ്ധിക്കുമായി ഭക്തജന തിരക്ക് ആദ്യത്തെ ദിവസം തന്നെ അനുഭവപ്പെട്ടു .

ഗവണ്മെന്റ് നിയമങ്ങൾ അനുസരിച്ചു വരുന്നവർക്ക് അപ്പോയ്ന്റ്മെന്റ് വഴി മാത്രമേ ക്ഷേത്രത്തിലേക്കു പ്രേവേശനം അനുവദിക്കുകയുള്ളു. രാവിലെ അയപ്പ സുപ്രഭാതത്തോടെ ആരംഭിക്കുന്ന പുജാതിവിധികൾ ഭക്തി സാന്ദ്രമായ ഭജന, ജലാഭിഷേകം , നെയ്യ് അഭിഷേകം, പാല്‍അഭിഷേകം,തേന്‍ അഭിഷേകം, ചന്ദനാ അഭിഷേകം,പനനീർ അഭിഷേകം ,ഭസ്മാഅഭിഷേകം എന്നീ അഭിഷേകങ്ങള്‍ക്ക് ശേഷം സര്‍വാലങ്കാര വിഭൂഷിതനായ അയ്യപ്പ സ്വാമിക്ക് മുന്നില്‍ ദീപരാധനയും നടത്തുന്നു . എല്ലാ ദിവസവുമുള്ള അഷ്‌ടഭിഷേകം ഈ കാലയളവിലെ ഒരു പ്രേത്യേകതയാണ്.

മണ്ഡല മകരവിളക്ക് കാലമായ അറുപത് ദിവസവും ഈ പുജാതി വിധികള്‍ ഉണ്ടായിരിക്കുന്നതാണ്, ഈ പുജാതി വിധികള്‍ ഭക്തജനങ്ങളെ ഭക്തിയുടെ പരമാനന്ദത്തില്‍ എത്തിക്കുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃതത്തില്‍ ആണ് പൂജാദി കര്‍മങ്ങള്‍ നടത്തുന്നത്. ശബരിമല ക്ഷേത്രത്തിൽ നടത്തുന്ന എല്ലാ പൂജാവിധികളും അതെ പരിപാവനത്തോട് കുടി വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലും നടത്തുന്നതാണ്.