പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മാണത്തിനുള്ള നിയന്ത്രണം സംസ്ഥാനമൊട്ടാകെ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ഇടുക്കി ജില്ലയില്‍ മാത്രമായി അനധികൃത നിര്‍മാണങ്ങള്‍ നിയന്ത്രിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി.

പട്ടയഭൂമിയിലെ വാണിജ്യ നിര്‍മാണത്തിനുള്ള നിയന്ത്രണം ഇടുക്കി ജില്ലയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത് എന്തുകൊണ്ടെന്നും സംസ്ഥാനമാകെ പട്ടയ ഭൂമിയില്ലേയെന്നും സുപ്രിംകോടതി ആരാഞ്ഞു. സംസ്ഥാനമൊട്ടാകെയുള്ള പട്ടയഭൂമിയിലെ നിയമവിരുദ്ധ നിര്‍മാണങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ഇടുക്കി ജില്ലയ്ക്ക് മാത്രമായുള്ള വ്യവസ്ഥകള്‍ സംസ്ഥാന വ്യാപകമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത് അംഗീകരിച്ചു.